കാസര്‍കോട്: നാളെ നടക്കേണ്ടിയിരുന്ന ഒന്നാം വിവാഹവാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് തൊട്ടുതലേന്നാള്‍, ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളില്‍ മനംനൊന്ത് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. കാസര്‍കോട് പാണലത്തെ ഭര്‍തൃവീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചര്‍ളടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് അതിദാരുണമായി മരണപ്പെട്ടത്. യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഇരിക്കെയാണ് സുഫൈദ പാണലത്തുള്ള ഭര്‍തൃവീട്ടില്‍ വെച്ച് ആസിഡ് ഉള്ളില്‍ച്ചെന്ന് മരണപ്പെടുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സുഫൈദയുടെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളും മഹറായി നല്‍കിയ മാലയുമടക്കം ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി സുഫൈദയെ നിരന്തരം മര്‍ദ്ദിക്കുകയും കടുത്ത മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസവും സുഫൈദയുടെ ഭര്‍തൃവീട്ടില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തര്‍ക്കങ്ങള്‍ നടന്നിരുന്നു. തര്‍ക്കത്തിനിടെ ഭര്‍ത്താവ് സുഫൈദയെ ക്രൂരമായി മര്‍ദ്ദിക്കുകയും, പീഡനവിവരം പുറത്താരും അറിയാതിരിക്കാന്‍ സുഫൈദയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെ വന്നതോടെയാണ് സുഫൈദ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ചുതന്നെ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച നിമിഷത്തിലും ഭര്‍തൃവീട്ടുകാര്‍ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയാണെന്ന് കുടുംബം വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍തൃവീട്ടുകാരുടെ കണ്ണുമുന്നില്‍ വെച്ചാണ് സുഫൈദ ആസിഡ് കുടിച്ചത്. എന്നാല്‍, ആസിഡ് ഉള്ളില്‍ച്ചെന്ന് പെണ്‍കുട്ടി പിടയുമ്പോള്‍ പോലും അവളെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ തയ്യാറായില്ല. പകരം ‘നീ ഇതിനെല്ലാം അനുഭവിക്കും, നീ അനുഭവിച്ചോ’ എന്ന് പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ട് ഭര്‍തൃവീട്ടുകാര്‍ മാറി നില്‍ക്കുകയാണ് ചെയ്തതെന്ന് സുഫൈദയുടെ ബന്ധുക്കള്‍ വേദനയോടെ പറയുന്നു. അടിയന്തരമായി വൈദ്യസഹായം എത്തിച്ചു നല്‍കാന്‍ പോലും ഭര്‍തൃവീട്ടില്‍ ആരും മനസ്സാക്ഷി കാണിച്ചില്ല.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സാധാരണ സൗന്ദര്യപ്പിണക്കം എന്ന തരത്തിലാണ് തങ്ങള്‍ കാര്യങ്ങളെ കണ്ടിരുന്നതെന്നും, എന്നാല്‍ ഇത്രയും ദയനീയമായ അവസ്ഥയിലൂടെയാണ് സുഫൈദ കടന്നുപോയതെന്ന് അറിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ആദിലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മറ്റ് കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. കാസര്‍കോട് മിംസ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ആര്‍.ഡി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരുവനന്തപുരം കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്





