ചെര്‍ക്കള (കാസര്‍കോട്): മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ചവര്‍ക്ക് തിങ്കളാഴ്ച ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് തൊട്ടുമുമ്പ്, ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളില്‍ മനംനൊന്ത് ഇരുപത്തിനാലുകാരിയായ അധ്യാപിക ജീവനൊടുക്കി. ചെങ്കള ചെര്‍ളടുക്കത്തെ എം.കെ. ഫാത്തിമത്ത് സുഫൈദ (24) ആണ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വച്ച് തുരുമ്പ് കളയുന്നതിന് ഉപയോഗിക്കുന്ന രാസലായനി കുടിച്ച് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ആദിലിന്റെ അമ്മയെയും പ്രതി ചേര്‍ത്തിട്ടുള്ളതിനാല്‍ ഇവര്‍ക്കെതിരെയുള്ള അറസ്റ്റും ഉടനുണ്ടാകും.
രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാവാണ് മരണപ്പെട്ട സുഫൈദ. ബി.എ, ബി.എഡ് ബിരുദധാരിയായ സുഫൈദ നായന്മാര്മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. പ്രവാസിയായിരുന്ന ആദിലുമായി മൂന്നുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഒരുവര്‍ഷം മുമ്പ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ ആദ്യനാളുകള്‍ തൊട്ടുതന്നെ സ്ത്രീധനത്തെയും സ്വര്‍ണ്ണത്തെയും ചൊല്ലി ഭര്‍തൃവീട്ടില്‍ പ്രശ്നങ്ങള്‍ പുകഞ്ഞിരുന്നു.
ഗാര്‍ഹിക പീഡനം അതിരുകടന്നതോടെ സുഫൈദയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന് ശനിയാഴ്ച രാത്രി പാണലത്തെ ഭര്‍തൃവീട്ടിലെത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ആദില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് അതീവ പ്രകോപനപരമായി സംസാരിക്കുകയും, ഇപ്പോള്‍ ഇറങ്ങിപ്പോയാല്‍ ഇനി ഈ വീട്ടിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന് ആക്രോശിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ ഈ വാക്കുകള്‍ കൂടിയായപ്പോള്‍ തളര്‍ന്നുപോയ യുവതി, എല്ലാവരുടെയും മുന്നില്‍ വെച്ച് രാസലായിനി എടുത്തു കുടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സുഫൈദ മരണത്തിന് കീഴടങ്ങി. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കിയാണ് ആ അമ്മ യാത്രയായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ സുഫൈദയുടെ ശരീരത്തില്‍ പുതിയ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും യുവതി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്നതിന്റെ തെളിവാണ്.
സുഫൈദയുടെ സഹോദരന് എം.കെ. അബ്ദുല്‍ വാസില്‍ വിദ്യാനഗര്‍ പോലീസിന് നല്കിയ കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ഭാഗത്തുനിന്ന് സുഫൈദയ്ക്ക് നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ പരാതിയില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദിലിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസില്‍ ആദിലിന് പുറമെ ഭര്‍തൃമാതാവിനെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഒത്താശ ചെയ്യുകയും യുവതിയെ മാനസികമായി തകര്‍ക്കുകയും ചെയ്തതില്‍ ഇവര്‍ക്കും തുല്യ പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇവരെയും ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് വിദ്യാനഗര്‍ പോലീസ് വ്യക്തമാക്കി. ചെര്‍ളടുക്കയിലെ പരേതനായ അബ്ബാസിന്റെയും സഫിയയുടെയും മകളാണ് സുഫൈദ. ഒരു വര്‍ഷം തികയും മുന്‍പേ ക്രൂരമായ സ്ത്രീധന പീഡനത്തില്‍ ഒടുങ്ങിയതിന്റെ ഞെട്ടലിലാണ് നാട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാവപ്പെട്ടവരുടെ ദാരിദ്ര്യം മുതലെടുത്ത് അവയവങ്ങള്‍ തുച്ഛമായ പണത്തിന് വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വിറ്റു; വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമോ? നജീബിന്റെ ഡയറിയില്‍ രാഷ്ട്രീയ പ്രമുഖരുടെ പേരുകള്‍; അവയവദാന മാഫിയയെ പൂട്ടാന്‍ സുദര്ശന് ഐപിഎസ് മുമ്പോട്ട്





