കാറിനു തീപിടിച്ചു ഗർഭിണി മരിച്ച സംഭവം ; പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട് : ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്ക് സ്വദേശി രജിൻലാൽ ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കാറിന് തീപിടിച്ച് ഭാര്യ സോന (27) മരിച്ച് ഏഴാം ദിവസമാണ് ഭർത്താവും  മരണത്തിന് കീഴടങ്ങിയത്.

മെയ് 15-ന് രാത്രി ഒമ്പത് മണിയോടെ ചെറുവണ്ണൂർ കക്കറമുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ  അപകടം ഉണ്ടായത്. ആറ് മാസം ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു രജിൻലാലിനെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

​സംഭവം ആത്മഹത്യശ്രമമാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവ ദിവസമായ മെയ് 15-ന് മരണപ്പെട്ട സോന ഒരു പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഫൊറൻസിക്, മോട്ടോർ വാഹന വകുപ്പ് പരിശോധനകളിൽ കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. കാനിൽ വാങ്ങിയ പെട്രോൾ കാറിനുള്ളിൽ വെച്ച് സോന ദേഹത്തൊഴിച്ചു തീകൊളുത്തിയതാകാം കാറിൽ തീപടർത്തിയത് എന്ന നിഗമനത്തിലാണ്  പൊലീസ്.

മരിച്ച സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിൻ്റെ വീട്ടിലായിരുന്നു. ഇവിടെ നിന്നും സംഭവ ദിവസം പുറത്തു പോയ സോന എവിടെയൊക്കെ പോയെന്നും ആരെയൊക്കെ കണ്ടുവെന്നതും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് ഭർത്താവ് രജിൻ ലാൽ സോനയെ വിളിക്കാൻ ബന്ധുവീട്ടിലെത്തുന്നത്. ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്.

സംഭവത്തില്‍ രജിൻ ലാലിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കാറിൻ്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നതെന്നും യാത്രയ്ക്കിടയിൽ പെട്രോളിൻ്റെ മണം അനുഭവപ്പെട്ടതായും രജിൻ ലാൽ മൊഴി നൽകിയിട്ടുണ്ട്. പെട്രോളിൻ്റെ മണം വന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ താൻ പിൻസീറ്റിലേയ്‌ക്ക് തിരിഞ്ഞു നോക്കി ചോദിച്ചപ്പോഴേക്കും കാറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു എന്നായിരുന്നു മൊഴി.

​എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സോനയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സോന ഭർതൃവീട്ടിൽ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും മരണത്തിന് പിന്നിലെ യഥാർഥ കാരണം പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് കൂടി മരണപ്പെട്ടതോടെ കേസിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.