തൃത്താല: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ (29) ആണ് മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഫെബ്രുവരി 20-ന് രാവിലെ പത്തരയോടെയാണ് നൗഷിജയ്ക്ക് കടുത്ത ശ്വാസതടസ്സവും ബ്ലീഡിംഗും അനുഭവപ്പെട്ടത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഉടൻ തന്നെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അവിടെ എത്തിച്ച് വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴേക്കും യുവതിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒമ്പത് മാസം തികഞ്ഞ ഗർഭിണിയായിരുന്നിട്ടും അടിയന്തര സാഹചര്യത്തിൽ കൃത്യമായ ഇടപെടൽ താലൂക്ക് ആശുപത്രിയിൽ നിന്ന് ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൗഷിജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട സാഹചര്യത്തിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ രേഖകൾ പരിശോധിക്കാനും ബന്ധപ്പെട്ട ഡോക്ടർമാരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.


രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം! 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോണ്‍ഗ്രസിലേക്ക് ! മലമ്പുഴയിൽ സ്ഥാനാർത്ഥിയാകും; നാളെ വി.ഡി. സതീശന്റെ ജാഥയിൽ പങ്കെടുക്കും; ഇടത് കോട്ടയിൽ വൻ വിള്ളൽ വീഴ്ത്താൻ കോൺഗ്രസ് നീക്കം!





