കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. വിജയൻ അസോസിയേറ്റ്സ് ആണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന് മുന്നിൽ ഇക്കാര്യം വിശദീകരിച്ചത്. സാമ്പത്തിക രേഖകളും ജോയിന്റ് മെഷർമെന്റ് റിപ്പോർട്ടും തമ്മിൽ വലിയ അന്തരമുണ്ടെന്നും, ഓഡിറ്റിംഗ് തൃപ്തികരമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ‘ക്വാളിഫൈഡ് ഓഡിറ്റ് റിപ്പോർട്ട്’ സമർപ്പിക്കാൻ തങ്ങൾ നിർബന്ധിതരായെന്നും ഓഡിറ്റർമാർ വ്യക്തമാക്കി.
വിവിധ പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർത്ഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്നും ക്രോഡീകരിച്ച ബില്ലുകൾ മാത്രമാണ് ലഭിച്ചതെന്നും ഓഡിറ്റർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുമൂലം ബജറ്റിന് മുകളിൽ വന്ന ചെലവുകൾ സ്വതന്ത്രമായി പരിശോധിക്കാൻ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി രജിസ്റ്റർ സമർപ്പിക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്നും ഓഡിറ്റർ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി മുൻപേ നിരീക്ഷിച്ചിട്ടുള്ളതാണെന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
കണക്കുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഓഡിറ്റർക്ക് നിർദ്ദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് കോടതി വിഷയം വീണ്ടും പരിഗണിക്കും. ഇനി ഓഡിറ്റർമാർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഗൗരവകരമായാണ് ഹൈക്കോടതി കാണുന്നത്.
ആർ.സി.സി നിയമന ക്രമക്കേട്: ചീഫ് നഴ്സിംഗ് ഓഫീസറുടെ നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം


അരുവിക്കരയിൽ തീപാറും പോരാട്ടം: അരുവിക്കരയിൽ തീപാറും പോരാട്ടം: ജി. സ്റ്റീഫനും വി.എസ്. ശിവകുമാറും നേർക്കുനേർ





