കാലിതീറ്റയില്‍ ലാലുവിനെ അഴിക്കുള്ളിലാക്കിയ സിബിഐ മികവ്; ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയിലെ ജോയിന്റെ ഡയറക്ടര്‍; അന്വേഷണ മികവില്‍ പേരെടുത്ത കേരളാ കേഡര്‍; ദിനേന്ദ്ര കശ്യപ് ക്രൈംബ്രാഞ്ച് മേധാവിയാകും

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗ്‌സഥനായ ദിനേന്ദ്ര കശ്യപ് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയാകും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ദിനേന്ദ്ര കശ്യപ് ഐപിഎസിനെ കേരള പോലീസിലെ അതീവ പ്രാധാന്യമുള്ള തസ്തികകളിലേക്ക് നിയമിക്കാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് മേധാവിയായുള്ള നിയമന ഫയല്‍ മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്.

ദിനേന്ദ്ര കശ്യപിന്റെ ക്രൈംബ്രാഞ്ച് മേധാവി നിയമനത്തിനൊപ്പം ഡിജിപി-എഡിജിപി തലത്തില്‍ ചെറിയ അഴിച്ചു പണിയും ഉണ്ടായേക്കും. നിലവില്‍ എച്ച് വെങ്കിടേഷാണ് ക്രൈംബ്രാഞ്ച് മേധാവി. ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണ മേല്‍നോട്ടം ക്രൈംബ്രാഞ്ച് എഡിജിപിയെന്ന നിലയില്‍ എച്ച് വെങ്കിടേഷാണ് വഹിക്കുന്നത്. ഇതിനിടെയാണ് ദിനേന്ദ്ര ക്യപിന്റെ വരവ്. ശബരിമല അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സ്വാഭാവികമായി ഈ അന്വേഷണ മേല്‍നോട്ടവും ദിനേന്ദ്ര കശ്യപിന് നല്‍കിയേക്കും.

അന്വേഷണ മികവില്‍ പേരെടുത്ത ഉദ്യോഗസ്ഥനായതിനാല്‍, സംസ്ഥാനത്തെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ തലവനായി അദ്ദേഹത്തെ നിയമിക്കുന്നതിലൂടെ സേനയ്ക്ക് പുതിയ തലം വരും. സിബിഐയിലെയും എന്‍ടിആര്‍ഒയിലെയും അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം ഇതിന് മുതല്‍ക്കൂട്ടാകും. കേന്ദ്ര സീക്രട്ട് സര്‍വ്വിസിലായിരുന്നു ദിനേന്ദ്ര കശ്യപ്. സിബിഐയ്ക്ക് സമാനമായി ക്രൈംബ്രാഞ്ചിനെ ഉയര്‍ത്തുകയാണ് ദിനേന്ദ്ര കശ്യപിന്റെ നിയമനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ ആദ്യ അന്വേഷണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ഐജി ദിനേന്ദ്ര കശ്യപ്. 2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു അന്ന് ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപ്. കേസിന്റെ ആദ്യ ഘട്ടങ്ങളില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഈ കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിന്റെ അറസ്റ്റും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളില്‍ ദിനേന്ദ്ര കശ്യപിന്റെ പേര് ചര്‍ച്ചയായിരുന്നു.

കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ദിനേന്ദ്ര കശ്യപ്. 1998 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം അന്വേഷണ മികവിലൂടെയും സത്യസന്ധതയിലൂടെയും ശ്രദ്ധേയനാണ്. അഞ്ച് വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് അദ്ദേഹം കേരളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. എഡിജിപി പദവിയിലേക്ക് കശ്യപിനെ ഉയര്‍ത്തും. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.ഏറെ തന്ത്രപ്രധാനമായ പദവിയാണ് ഇത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ക്രൈംബ്രാഞ്ച് ഐജിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ കാലിത്തീറ്റ കുംഭകോണക്കേസ് അന്വേഷിച്ച സിബിഐ സംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു. ഈ കേസാണ് ബീഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും ലാലു പ്രസാദ് യാദവിനെ അപ്രസക്തനാക്കിയത്. മികച്ച സേവനത്തിന് പ്രസിഡന്റിന്റെ പോലീസ് മെഡല്‍ (വിശിഷ്ട സേവനത്തിന് – 2024, മെറിറ്റോറിയസ് സര്‍വീസിന് – 2015) അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ പ്രശംസാ പത്രവും ലഭിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.