അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങി; കുറ്റക്കാരനെന്ന് കണ്ടെത്തിയത് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് 

കൊല്ലം: അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം കഠിനതടവും 20,000 രൂപ പിഴയും.
കൊല്ലം സിറ്റിയിൽപ്പെടുന്ന ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്ന ആർ. മോഹനനെയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ സി എസ് മോഹിത് ശിക്ഷിച്ചത്. കൊല്ലം വിജിലൻസ് കോടതി സ്ഥാപിതമായ ശേഷമുള്ള ആദ്യ വിധിപ്രസ്താവമാണിത്.
​റോഡപകടത്തിൽപ്പെട്ട ഇരുചക്രവാഹനം വിട്ടുനൽകുന്നതിനും കേസിലെ എഫ്.ഐ.ആർ കോപ്പി നൽകുന്നതിനുമായി പരാതിക്കാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. എഫ്.ഐ.ആർ നൽകാൻ 1500 രൂപയും വാഹനം വിട്ടുനൽകാൻ 2000 രൂപയുമാണ് ചാത്തന്നൂർ ഗ്രേഡ് എസ് ഐ ആയിരുന്ന മോഹനൻ ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ  മോഹനൻ വീഴുകയായിരുന്നു.
പോലീസ് സ്റ്റേഷനുള്ളിൽ യൂണിഫോമിൽ ഇരിക്കാവെയാണ് മോഹനൻ കൈക്കൂലി വാങ്ങിയത്. പോലീസ് സ്റ്റേഷനുള്ളിൽ യൂണിഫോമിൽ കൈക്കൂലിവാങ്ങിയത് കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
വിവിധ വകുപ്പുകളിൽ ഏഴ് വർഷം ശിക്ഷവിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതിക്ക് നാല് വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പ്രോസിക്യു ട്ടർ സിജു രാജൻ ഹാജരായി. മോഹനനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.