കൈക്കൂലി കേസ്: വിഴിഞ്ഞം മുൻ സോണൽ ഓഫീസർക്ക് 4 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: കൈക്കൂലി കേസിൽ  തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജിന്  നാല് വർഷം കഠിന തടവും 35,000 രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജ്ജുംനിലവിൽ തിരുവനന്തപുരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ  ടി മഹേഷ് ആണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശിയാണ് ഇദ്ദേഹം.
കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ കോവളത്ത് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന്  10,000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
റസ്റ്റോറന്റിന്റെ ലൈസൻസ് പുതുക്കി ലഭിക്കുന്നതിന് 2020ൽ തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിൽ പരാതിക്കാരൻ അപേക്ഷ നൽകിയിരുന്നു. പരാതിക്കാരന്റെ സ്ഥാപനത്തിന്റെ മുൻ രേഖകൾ ഓഫീസിൽ ലഭ്യമല്ലെന്നും രേഖകൾ ശരിയാക്കി ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000 രൂപ കൈക്കൂലി നൽകണമെന്നും സോണൽ ഓഫീസ് ഇൻ-ചാർജ്ജ് ആയിരുന്ന മഹേഷ്  ആവശ്യപ്പെട്ടു. തുടർന്ന് 10,000 രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം വിജിലൻസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജ് മനോജ് .എ ആണ് കേസിൽ വിധി പറഞ്ഞത്. തിരുവനന്തപുരം വിജിലൻസ് ദക്ഷിണമേഖല യൂണിറ്റിലെ മുൻ ഡിവൈ.എസ്.പി മാരായിരുന്ന വി.അനിൽ, വിനോദ് സി.എസ് എന്നിവരാണ്കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി. ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.