തിരുവനന്തപുരം: കിടുവയെ കടുവ പിടിച്ചു, കിടുവ ഒടുവിൽ ജയിലിലുമായി. കേസിൽ പ്രതിയാക്കാതിരിക്കാൻ കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവ്.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെ മുൻ സിവിൽ പോലീസ് ഓഫീസർ എം ബൈജുവാണ് ശിക്ഷിക്കപ്പെട്ടത്. ഇപ്പോൾ തൃശ്ശൂർ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ബൈജു.
തേഞ്ഞിപ്പാലം സ്റ്റേഷനിൽ ജോലി ചെയ്യവേ പരാതിക്കാരൻ പ്രതിയായ കേസിൽ അദ്ദേഹത്തിന്റെ ഭാര്യയെ പ്രതിയാക്കാതിരിക്കാൻ 3000രൂപ കൈ ക്കൂലി വാങ്ങിയെന്നായിരുന്നു ബൈജുവിനെതിരെയുള്ള കേസ്. കഠിന തടവിനുപുറമെ 50,000രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജ് ഷിബു തോമസിന്റെതാണ് വിധി.
2017ലാണ് സംഭവം. വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായിരുന്നു വിജിലൻസിലെ പരാതിക്കാരൻ. ഈ കേസ് കൈകാര്യം ചെയ്തിരുന്നത് ബൈജു ആയിരുന്നു. കേസിൽ ജാമ്യമെടുത്തു സ്റ്റേഷനിൽ ഒപ്പിടാൻചെന്ന പരാതിക്കാരനെ ഭാര്യയെകൂടി കേസിൽപ്രതിയാക്കുമെന്ന് ബൈജു ഭീഷണിപ്പെടുത്തി. ഭാര്യയെ ഒഴിവാക്കാൻ 5000രൂപയാണ് ബൈജു ചോദിച്ചത്. ഭീഷണിപ്പെടുത്തി 2000രൂപ പരാതിക്കാരനിൽനിന്നും കൈ പ്പറ്റുകയും ചെയ്തു.
ബാക്കി 3000രൂപയ്ക്ക് ഭീഷണി തുടർന്നതോടെ പരാതിക്കാരൻവിജിലൻസിനെ സമീപിച്ചു. തുടർന്ന് വിജിലൻസ് ഉത്തര മേഖല യൂണിറ്റ് കെണിയൊരുക്കി ബൈജുവിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് ഉത്തരമേഖല മുൻ ഡിവൈ.എസ്.പിമാരായ അശ്വകുമാർ, പി.സി.സജീവൻ, എന്നിവരാണ്കേസിന്റെ അന്വേഷണം നടത്തിയത്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അരുൺ നാഥ് ഹാജരായി.
ശിക്ഷിക്കപെട്ട പ്രതിയെ കോടതി റിമാൻഡ് ചെയ്തു ജയിലിലേയ്ക്ക് അയച്ചു. ശിക്ഷിക്കപ്പെട്ട ബൈജുവിന്റെ സസ്പെൻഷൻ ഇന്നുണ്ടാകും, തുടർന്ന് സർവീസിൽനിന്നും പിരിച്ചുവിടും. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് ബൈജു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നഴ്സ് ലെനയുടെ മരണം: അന്വേഷണം ആശുപത്രിയിലെത്തിയ ‘സുഹൃത്തുക്കളിലേക്ക്’; ദുരൂഹതകള് ഏറെ





