കാലിതീറ്റയില്‍ ലാലുവിനെ അഴിക്കുള്ളിലാക്കിയ സിബിഐ മികവ്; ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയിലെ ജോയിന്റെ ഡയറക്ടര്‍; നടിയെ ആക്രമിച്ച കേസില്‍ ഈ ഉദ്യോഗസ്ഥന്‍ എന്തു കൊണ്ട് ദിലീപിനെ ചോദ്യം ചെയ്തില്ല? ദിലീപിനെ വെറുതെ വിട്ടപ്പോള്‍ വിചാരണ കോടതി ചര്‍ച്ചയാക്കിയത് ഈ അസ്വാഭാവികത; ദിനേന്ദ്ര കശ്യപിന് മടങ്ങി വരവില്‍ ഏത് പദവി കിട്ടും?

തിരുവനന്തപുരം: ദിനേന്ദ്ര കശ്യപ് കേരളത്തിലേക്ക് തിരിച്ചു വരുന്നു. ദിലീപ് കേസിലെ വിധി കേരളീയ പൊതു സമൂഹം ചര്‍ച്ച ചെയ്യുമ്പോഴാണ് മടങ്ങി വരവ്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പ്രതികളെ കൃത്യമായി തിരിച്ചറിയുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ അന്വേഷണത്തിനിടയില്‍ അന്നത്തെ എഡിജിപി ബി. സന്ധ്യയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതായി വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനെ ചോദ്യം ചെയ്ത സമയത്ത് അദ്ദേഹം സ്ഥലത്തില്ലാതിരുന്നത് പിന്നീട് കോടതി വിചാരണ വേളയിലും വലിയ ചര്‍ച്ചയായി. എങ്കിലും അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളാണ് കേസില്‍ പ്രോസിക്യൂഷന് വലിയ തുണയായത്. ഇതാണ് പള്‍സര്‍ സുനിയുടെ അടക്കം ശിക്ഷാ വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. വിചാരണ കോടതിയും ദിലീപിനെ വെറുതെ വിടുന്ന വിധിന്യായത്തില്‍ ദിനേന്ദ്ര കശ്യപിനെ കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് മടങ്ങി വരവില്‍ കശ്യപിന്റെ നിലപാടുകള്‍ ഈ കേസിലും നിര്‍ണ്ണായകമാകും. പ്രത്യേകിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന സാഹചര്യത്തില്‍.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ദിനേന്ദ്ര കശ്യപ് ഐപിഎസിനെ കേരള പോലീസിലെ അതീവ പ്രാധാന്യമുള്ള തസ്തികകളിലേക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അന്വേഷണ മികവില്‍ പേരെടുത്ത ഉദ്യോഗസ്ഥനായതിനാല്‍, സംസ്ഥാനത്തെ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ തലവനായി അദ്ദേഹത്തെ നിയമിക്കാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. സിബിഐയിലെയും എന്‍ടിആര്‍ഒയിലെയും അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം ഇതിന് മുതല്‍ക്കൂട്ടാകും. നിലവില്‍ ഒഴിവു വരുന്ന മുറയ്ക്ക് ജയില്‍ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്കും അദ്ദേഹത്തെ നിയമിച്ചേക്കാം. ദിലീപ് കേസിലെ വിധിക്ക് ശേഷം പോലീസ് സേനയില്‍ നടക്കാന്‍ പോകുന്ന വലിയ അഴിച്ചുപണിയുടെ ഭാഗമായി കശ്യപിനും സുപ്രധാന പദവി കിട്ടുമെന്നാണ് വിലയിരുത്തല്‍.

നടിയെ ആക്രമിച്ച കേസിന്റെ ആദ്യ അന്വേഷണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് ഐജി ദിനേന്ദ്ര കശ്യപ്. 2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു അന്ന് ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപ്. കേസിന്റെ ആദ്യ ഘട്ടങ്ങളില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഈ കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിന്റെ അറസ്റ്റും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളില്‍ ദിനേന്ദ്ര കശ്യപിന്റെ പേര് ചര്‍ച്ചയായിരുന്നു. ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തലവനായ ദിനേന്ദ്ര കശ്യപ് അവിടെ ഉണ്ടായിരുന്നില്ല എന്നത് വലിയ ചര്‍ച്ചയായിരുന്നു. അന്ന് എഡിജിപി ആയിരുന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ദിനേന്ദ്ര കശ്യപിനെ ചുമതലയില്‍ നിന്ന് മാറ്റിയതായി വാര്‍ത്തകള്‍ വന്നെങ്കിലും, അദ്ദേഹം സംഘത്തലവനായി തുടരുമെന്ന് സര്‍ക്കാര്‍ പിന്നീട് വിശദീകരിച്ചു. എങ്കിലും നിര്‍ണ്ണായക തീരുമാനങ്ങളില്‍ അദ്ദേഹത്തെ ഒഴിവാക്കി എന്ന ആക്ഷേപം ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ കേസിന്റെ വിധി പ്രസ്താവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തലവന്‍ എന്തുകൊണ്ട് ഹാജരായില്ല എന്നതിനെക്കുറിച്ച് വിചാരണ കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അന്വേഷണത്തിലെ ചില വീഴ്ചകളായി ഇത് ചൂണ്ടിക്കാണിക്കപ്പെട്ടു. 2025 ഡിസംബര്‍ 8-ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിനെ കേസില്‍ കുറ്റവിമുക്തനാക്കി. എന്നാല്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള മറ്റ് ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിന് ഒരു കാരണം ദിനേശ് കശ്യപിന്റെ ചോദ്യം ചെയ്യലിലെ അസാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍.

കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ദിനേന്ദ്ര കശ്യപ്. 1998 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം അന്വേഷണ മികവിലൂടെയും സത്യസന്ധതയിലൂടെയും ശ്രദ്ധേയനാണ്. അഞ്ച് വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് അദ്ദേഹം കേരളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. എഡിജിപി പദവിയിലേക്ക് കശ്യപിനെ ഉയര്‍ത്തും. പോലീസിലെ സുപ്രധാന ചുമതലകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോയിന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.ഏറെ തന്ത്രപ്രധാനമായ പദവിയാണ് ഇത്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ക്രൈംബ്രാഞ്ച് ഐജിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ കാലിത്തീറ്റ കുംഭകോണക്കേസ് അന്വേഷിച്ച സിബിഐ സംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു. ഈ കേസാണ് ബീഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും ലാലു പ്രസാദ് യാദവിനെ അപ്രസക്തനാക്കിയത്. മികച്ച സേവനത്തിന് പ്രസിഡന്റിന്റെ പോലീസ് മെഡല്‍ (വിശിഷ്ട സേവനത്തിന് – 2024, മെറിറ്റോറിയസ് സര്‍വീസിന് – 2015) അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ പ്രശംസാ പത്രവും ലഭിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.