നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്റെ ‘കുറ്റപത്രം’; ദിലീപിന്റെ മോചനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; ജഡ്ജി സംശയനിഴലില്‍, വിധി പക്ഷപാതപരം; ദിലീപിനെ വെറുതെവിട്ടതിനെതിരെ ആഞ്ഞടിച്ച് പ്രോസിക്യൂഷന്‍ ഡിജി

നടിയെ ആക്രമിച്ച കേസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. വിചാരണ കോടതി ജഡ്ജിയുടെ നിഷ്പക്ഷതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ (ഡിജി) ഞെട്ടിക്കുന്ന നിയമോപദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിധി പുറപ്പെടുവിച്ച ജഡ്ജി സംശയനിഴലിലാണെന്നും അതുകൊണ്ടുതന്നെ വിധി പറയാന്‍ ജഡ്ജിക്ക് അവകാശമില്ലെന്നുമാണ് നിയമോപദേശത്തിലെ പ്രധാന പരാമര്‍ശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ജഡ്ജിയുടെ പങ്ക് അന്വേഷണ പരിധിയിലാണെന്നിരിക്കെ പുറപ്പെടുവിച്ച വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിക്കെതിരെ കടന്നാക്രമണം നടത്തുന്ന പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് അസാധാരണമാണ്. അതുകൊണ്ട് തന്നെ അപ്പീലില്‍ ഹൈക്കോടതി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ നിയമോപദേശത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ അംഗീകരിച്ച അതേ തെളിവുകള്‍ ദിലീപിന്റെ കാര്യത്തില്‍ കോടതി തള്ളിക്കളഞ്ഞു. ഇത് തികച്ചും വിവേചനപരവും പക്ഷപാതപരവുമായ സമീപനമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായ പ്രതിഭാഗം അഭിഭാഷകരെ തുടരാന്‍ അനുവദിക്കുക മാത്രമല്ല, അവരെ വിധിന്യായത്തില്‍ പ്രശംസിക്കുക കൂടി ചെയ്ത കോടതി നടപടിയെ നിയമോപദേശത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു.
പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍, സാക്ഷിമൊഴികള്‍, ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകള്‍ എന്നിവ വിചാരണ കോടതി പൂര്‍ണ്ണമായും അവഗണിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് പോലുള്ള അതീവ ഗൗരവകരമായ സാങ്കേതിക വിവരങ്ങള്‍ പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. വിധിയിലെ ഈ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും.
സാധാരണ നിലയിലെ വിധിയെ മാേ്രത ചോദ്യം ചെയ്യാറുള്ളൂ. എന്നാല്‍ ഇവിടെ ജഡ്ജിയേയും സംശയ നിഴലില്‍ നിര്‍ത്തുന്നു. അതുകൊണ്ട് തന്നെ മേല്‍കോടതിയുടെ നിഗമനവും നിരീക്ഷണവും എല്ലാം ഇനി നിര്‍ണ്ണായകമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.