തൂവല്‍ക്കൊട്ടാരത്തിലെ അനുജനെ സത്യന്‍ അന്തിക്കാട് കൈവിടില്ല; ‘തിരുപ്പതി’യെ ചേര്‍ത്ത് നിര്‍ത്താന്‍ പ്രിയദര്‍ശന്‍; വാളയാര്‍ പരമശിവത്തെ ജോഷിക്കും വേണം; മൂന്ന് വമ്പന്‍ സംവിധായകരുടെ ചിത്രങ്ങള്‍ ഉടന്‍; ജനപ്രിയനെ കൈപിടിച്ചുയര്‍ത്താന്‍ ത്രിമൂര്‍ത്തികള്‍! ദിലീപിന് ഇനി നല്ല കാലമോ? മോളിവുഡിലെ ചര്‍ച്ച ഇങ്ങനെ

കൊച്ചി: ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിന്റെ തുടക്ക കാലത്ത് തിയേറ്ററിലെത്തിയ രാമലീലയായിരുന്നു ഈ നടന്റെ അവസാനത്തെ മെഗാ ഹിറ്റ്. പിന്നിടുള്ള ചിത്രങ്ങള്‍ സാമ്പത്തിക നേട്ടമായെങ്കിലും നടന്റെ ജനപ്രിയത ഉയര്‍ത്തുന്നതിന് അത് കാരണമായില്ലെന്നതാണ് വസ്തുത. ഇപ്പോള്‍ നീതിപീഠം ദിലീപിനെ കുറ്റവിമുക്തനാക്കി. പിന്നാലെ ഭഭബയുമായി തിയേറ്ററുകളില്‍ നടന്‍ സജീവമായി. മോഹന്‍ലാലിന്റെ സാന്നിധ്യം തിയേറ്ററുകളെ തീപിടിപ്പിച്ചു. അങ്ങനെ നല്ലൊരു തുടക്കം 2025 ഡിസംബറില്‍ ദിലീപിന് വീണ്ടും ലഭിച്ചു. ഇനി വരാനിരിക്കുന്നത് പഴയ റേഞ്ചിലേക്ക് എത്തുന്ന ദിലീപ് ചിത്രങ്ങളാണ്. ഇതിന് മലയാള സിനിമയിലെ ത്രിമൂര്‍ത്തികള്‍ തന്നെ എത്തുമെന്നാണ് മോളിവുഡിലെ സംസാരം.

കുടുംബ സദസുകള്‍ക്ക് പ്രിയങ്കരനാണ് സത്യന്‍ അന്തിക്കാട്. പ്രിയദര്‍ശന്റെ ഫ്രെയിമും കോമഡിയും മലയാളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ല. ആക്ഷനെന്നാല്‍ ജോഷിയാണ് മലയാള സിനിമയിലെ സംവിധായക താരം. ഈ മൂന്ന് പേരും ദിലീപിനെ നായകനാക്കി ചിത്രങ്ങളെടുക്കും. ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണെന്നാണ് സൂചനകള്‍. ഈ മൂന്ന് ചിത്രവും 2026ല്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. മലയാള സിനിമയ്ക്കും ഇത് പുതിയ ഉണര്‍വ്വായി മാറും. ഈ സിനിമകളെല്ലാം സംഭവിക്കുമെന്നാണ് മോളിവുഡ് അടക്കം പറയുന്നത്.

ദിലീപ് എന്ന നടനെ മലയാളിയ്ക്ക് പ്രിയപ്പെട്ടവനാക്കിയത് സല്ലാപവും ഈ പുഴയും കടന്നും തുടങ്ങിയ കുടുംബ ചിത്രങ്ങളാണ്. അങ്ങനെ വളര്‍ന്നുയര്‍ന്ന ദിലീപിനെ കൈപിടിച്ചുയര്‍ത്തിയ സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. സാധാരണക്കാരന്റെ ജീവിതത്തെയും നര്‍മ്മത്തെയും മനോഹരമായി കോര്‍ത്തിണക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ ദിലീപിന്റെ കരിയറിലെ വലിയ വിജയങ്ങളായി മാറിയിട്ടുണ്ട്. തൂവല്‍ക്കൊട്ടാരം (1996) എന്ന സിനിമയിലെ അനുജന്‍ വേഷം അതില്‍ പ്രധാനപ്പെട്ടതാണ്. ദിലീപ്, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രം വലിയ വിജയമായിരുന്നു.

പിന്നീട് വിനോദയാത്ര (2007): ദിലീപും സത്യന്‍ അന്തിക്കാടും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം. മുകേഷ്, മീര ജാസ്മിന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ഇതിലെ ‘വിനു’ എന്ന കഥാപാത്രവും നര്‍മ്മമുഹൂര്‍ത്തങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതായത് ഈ ടച്ചിലേക്ക് വീണ്ടും ദിലീപിനെ എത്തിക്കുന്ന ചിത്രമാകും ദിലീപുമായി ഇനി സത്യന്‍ അന്തിക്കാട് ഒരുക്കുക. ദിലീപിന്റെ സ്വാഭാവികമായ കോമഡി ടൈമിംഗും സത്യന്‍ അന്തിക്കാടിന്റെ ലളിതമായ ആഖ്യാനശൈലിയും നിറയുന്ന പുതിയ ചിത്രം. സത്യന്‍ അന്തിക്കാടിന്റെ ഭൂരിഭാഗം ചിത്രങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കഥകളും ഗ്രാമീണ സൗന്ദര്യവും ഒപ്പിയെടുത്തവയായിരുന്നു. മോഹന്‍ ലാലിനെ നായകനാക്കി ഹൃദയപൂര്‍വ്വം ഹിറ്റാക്കിയ സത്യന്‍ അന്തിക്കാട് ദിലീപിന് കരുത്താകുന്ന ചിത്രവുമായി എത്തുമെന്നാണ് പ്രതീക്ഷ.

ദിലീപ് – പ്രിയദര്‍ശന്‍ കൂട്ടുകെട്ട് സത്യന്‍ അന്തിക്കാട് സിനിമകളില്‍ നിന്നും വ്യത്യസ്തമാണ്. കൂടുതല്‍ വര്‍ണ്ണാഭമായ വിഷ്വലുകളും വലിയ ക്യാന്‍വാസിലുള്ള കോമഡികളും നിറഞ്ഞതാണ് ഈ ചിത്രങ്ങള്‍. മിന്നാരത്തിലായിരുന്നു ഇവരുടെ തുടക്കം. ഈ ചിത്രത്തില്‍ ദിലീപ് ഒരു പ്രധാന വേഷത്തിലല്ലെങ്കിലും, മോഹന്‍ലാലിന്റെ സുഹൃത്തായ ‘തിരുപ്പതി’ എന്ന കഥാപാത്രമായി ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചു. ദിലീപിന്റെ കരിയറിന്റെ തുടക്കകാലത്തെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഇത്. മേഘം (1999) പ്രിയദര്‍ശന്‍-ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്.

മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ ‘മണികണ്ഠന്‍’ എന്ന രസകരമായ വേഷമായിരുന്നു ദിലീപിന്റേത്. ചിത്രത്തിലെ കോമഡി രംഗങ്ങളും ദിലീപിന്റെ പ്രകടനവും ഏറെ കൈയ്യടി നേടി. മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച കാക്കക്കുയില്‍ എന്ന ചിത്രത്തില്‍ ദിലീപ് ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ വരുന്ന ആ കഥാപാത്രം തിയേറ്ററുകളില്‍ വലിയ കൈയടി നേടിയിരുന്നു. പ്രിയദര്‍ശന്‍ സിനിമകളിലെ വേഗതയേറിയ കോമഡികള്‍ക്ക് ദിലീപിന്റെ ടൈമിംഗ് കൃത്യമായിരുന്നു. പ്രിയദര്‍ശന്റെ സിനിമകളിലെ ദൃശ്യഭംഗിയും ദിലീപിന്റെ എനര്‍ജിയും വീണ്ടും ഒത്തു ചേരുമ്പോള്‍ കോമിഡിയിലുള്ള കുടുംബ ചിത്രമാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ദിലീപിനെ വാളയാര്‍ പരമശിവമാക്കിയത് ജോഷിയാണ്. ഈ ദിലീപ് – ജോഷി കൂട്ടുകെട്ട് മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. ആക്ഷനും ത്രില്ലിംഗും ആയ വലിയ പ്രൊഡക്ഷന്‍ വാല്യൂ ഉള്ള സിനിമകളാണ് ഈ കോമ്പിനേഷനില്‍ പിറന്നത്. സൈന്യം ദിലീപിന്റെ കരിയറിന്റെ തുടക്കത്തില്‍ ജോഷി സംവിധാനം ചെയ്ത സിനിമയാണിത്. മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ ഒരു എയര്‍ഫോഴ്‌സ് കേഡറ്റായി ദിലീപ് അഭിനയിച്ചു. റണ്‍വേ (2004) ഈ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ‘വാളയാര്‍ പരമശിവം’ എന്ന ദിലീപിന്റെ കഥാപാത്രം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ദിലീപിന്റെ മാസ്സ് ഇമേജ് ഉറപ്പിച്ച സിനിമ. ലയണ്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രം ദിലീപിന്റെ ഗൗരവമേറിയ വേഷങ്ങളില്‍ ഒന്നായിരുന്നു. കൃഷ്ണകുമാര്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ദിലീപ് പുതിയ തലത്തിലേക്ക് എത്തി.

മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ജോഷി സംവിധാനം ചെയ്ത ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ ദിലീപ് ഒരു പ്രധാന വേഷം ചെയ്യുകയും ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ദിലീപും ഒരു പ്രധാന വേഷത്തിലെത്തിയ മള്‍ട്ടി-സ്റ്റാര്‍ ചിത്രമായിരുന്നു. അവതാരം സാധാരണക്കാരനായ ഒരു വ്യക്തി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ദിലീപിനെ വെറുമൊരു കൊമേഡിയന്‍ എന്നതിനപ്പുറം ഒരു ആക്ഷന്‍ ഹീറോ ആയി പ്രതിഷ്ഠിച്ചത് ജോഷി ചിത്രങ്ങളാണ്. ഇന്നും ആരാധകര്‍ ആഘോഷിക്കുന്ന ദിലീപിന്റെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രമായി ‘റണ്‍വേ’യിലെ പരമശിവം നിലനില്‍ക്കുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാകുമോ ജോഷി ഇനി സംവിധാനം ചെയ്യുക എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും മോളിവുഡ് ഇത്തരം ചര്‍ച്ചകള്‍ സജീവമാക്കുകയാണ്. ചര്‍ച്ചകള്‍ നേര്‍വഴിക്ക് പോയാല്‍ ഈ മൂന്ന് സംവിധായകരുടെയും അടുത്ത സിനിമകള്‍ ഉടന്‍ തന്നെ പ്രഖ്യാപിച്ചേക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.