വെള്ളാപ്പള്ളിക്ക് പിണറായി പ്രേമം; ത്‌ദ്ദേശത്തിലെ കോണ്‍ഗ്രസ് നേട്ടം കണ്ട തുഷാറിന് ആഗ്രഹം അടൂര്‍ പ്രകാശിന്റെ യുഡിഎഫ് വഴി; ബിജെപിയ്‌ക്കൊപ്പവും നേതാക്കള്‍; ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്? മൂന്ന് തട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടിയെ വലയിലാക്കാന്‍ മുന്നണികള്‍ സജീവം

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കൂടുമാറ്റത്തിന്റെ സാധ്യതകള്‍ ചര്‍ച്ചയില്‍. അതിനിടെ എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍പ്പിന്റെ വക്കിലാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാര്‍ട്ടിയിലെ മൂന്ന് പ്രബല വിഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ദിശകളിലേക്ക് കണ്ണുവെക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമാകും.

ഈ സാഹചര്യം മുതലെടുത്ത് ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ നടത്തിയ പരസ്യ പ്രഖ്യാപനം രാഷ്ട്രീയ ബോംബായി മാറിയിരിക്കുന്നു. ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ മൂന്ന് വ്യത്യസ്ത ധാരകളാണ് സജീവമായിരിക്കുന്നത്. ഇത് പാര്‍ട്ടിയുടെ അസ്തിത്വത്തെ തന്നെ അപകടത്തിലാക്കുന്നു. എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇടതുപക്ഷ ആഭിമുഖ്യമാണ്. പിണറായി സര്‍ക്കാരുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശന്‍, ബി.ഡി.ജെ.എസ് എല്‍.ഡി.എഫിന്റെ ഭാഗമാകണമെന്ന താല്പര്യക്കാരനാണ്. പിന്നാക്ക സംരക്ഷണം ഇടതുപക്ഷത്തിലൂടെയേ സാധ്യമാകൂ എന്ന ബോധ്യം അദ്ദേഹം അണികളിലേക്ക് പകര്‍ന്നു നല്‍കുന്നു.

എന്‍.ഡി.എയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ ക്രുദ്ധനായ തുഷാര്‍ വെള്ളാപ്പള്ളി യു.ഡി.എഫുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. അടൂര്‍ പ്രകാശിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തുഷാറിനായി വലവിരിച്ചു കഴിഞ്ഞു. ഒരു ‘മുന്നണി മാറ്റം’ വഴി യു.ഡി.എഫില്‍ മാന്യമായ ഇരിപ്പിടം തുഷാര്‍ സ്വപ്നം കാണുന്നു. പാര്‍ട്ടിയുടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ബി.ജെ.പിയുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ മുന്നണി മാറ്റത്തെ നഖശിഖാന്തം എതിര്‍ക്കുകയാണ്. അങ്ങനെ വന്നാല്‍ ബിഡിജെഎസില്‍ പ്രതിസന്ധി രൂക്ഷമാകും. അച്ഛന്‍ വെള്ളാപ്പള്ളി പറയുന്നത് തുഷാര്‍ അനുസരിക്കുമെന്നു കരുതുന്നവരുമുണ്ട്. വെള്ളാപ്പള്ളി ബിഡിജെഎസില്‍ ഇല്ല. എങ്കിലും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി തന്നെയാണ് പാര്‍്ട്ടിയിലെ അവസാന വാക്ക് ഇപ്പോഴും.

ഇത് മനസ്സിലാക്കിയാണ് സി.പി.എമ്മിന്റെ ‘ഓപ്പണ്‍ ഇന്‍വിറ്റേഷന്‍’. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ച സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ ബി.ജെ.പിയുടെ ‘സവര്‍ണ്ണ രാഷ്ട്രീയത്തില്‍’ നിന്ന് മോചിപ്പിച്ച് ഇടത്തോട്ടെത്തിച്ചാല്‍ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് പിണറായി വിജയന്റെ കണക്കുകൂട്ടല്‍. ‘ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി വോട്ട് ചെയ്യുന്നില്ല’ എന്ന പരാതി നാസര്‍ ആയുധമാക്കുമ്പോള്‍, അത് തുഷാര്‍ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ്.

എന്‍.ഡി.എ വിടുന്ന കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് പറയുമ്പോഴും, മാറ്റം ആഗ്രഹിക്കുന്നവര്‍ സമീപിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വാതിലുകള്‍ അടഞ്ഞിട്ടില്ല എന്നതിന്റെ സൂചനയാണ്. ബി.ഡി.ജെ.എസ് പിളര്‍ന്നാല്‍ അത് കേരള രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.