കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാകുമ്പോള്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകോപിപ്പിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും നിര്‍ദ്ദേശം. സാമുദായിക ഐക്യത്തിനായുള്ള വെള്ളാപ്പള്ളിയുടെ പുതിയ നീക്കങ്ങളെ സുകുമാരന്‍ നായര്‍ തള്ളിപ്പറയുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇരു പാര്‍ട്ടികളും വിലയിരുത്തുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മകന് തുഷാര്‍ വെള്ളാപ്പള്ളി വഴിയാണ് വെള്ളാപ്പള്ളിയ്ക്ക് ബി.ജെ.പി ഈ സന്ദേശം കൈമാറിയത്.
എന്‍.എസ്.എസിനെ കൂടെ നിര്‍ത്തിയാല്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്താന്‍ കഴിയൂ എന്ന് ബി.ജെ.പി കരുതുന്നു. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളി നടേശന് നടത്തുന്ന ഐക്യ നീക്കങ്ങളില്‍ സുകുമാരന്‍ നായരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്ന് തുഷാര്‍ വഴി ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. മറുഭാഗത്ത്, സുകുമാരന്‍ നായര്‍ പൂര്‍ണ്ണമായും എതിര് ചേരിയിലേക്ക് പോകുന്നത് സി.പി.എമ്മിനും തലവേദനയാണ്. എന്‍.എസ്.എസുമായി ഒരു തുറന്ന പോരിന് ഇപ്പോള്‍ സമയമല്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. വെള്ളാപ്പള്ളി നടേശന് വഴി ഹൈന്ദവ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോള്‍ എന്‍.എസ്.എസിനെ കൂടി നിശ്ശബ്ദരാക്കുകയോ അനുനയിപ്പിക്കുകയോ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ്.
ജി. സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്റെ ‘ശരിദൂര’ സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും, അദ്ദേഹത്തെ പ്രകോപിപ്പിക്കാതെ ‘സ്നേഹഹസ്തം’ നീട്ടി കൂടെ നിര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നീക്കം. ‘യോഗനാദ’ത്തിലെ ലേഖനത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്ത ഐക്യ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു വലിയ ഹൈന്ദവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍, സുകുമാരന്‍ നായര്‍ ഈ നീക്കത്തെ ഒരു ‘കെണി’യായി കാണുന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആദായനികുതി റെയ്ഡുകളും മറ്റും വെള്ളാപ്പള്ളിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുമ്പോള്‍, സുകുമാരന്‍ നായര്‍ ഒഴിഞ്ഞു മാറുന്നത് സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്.
കേരളത്തിൽ പുതിയ പാർട്ടി; തൃണമൂൽ കോൺഗ്രസുമായി ബന്ധം വേർപെടുത്തി പി.വി. അൻവർ; കാരണം ദേശീയ നേതൃത്വവുമായുള്ള ഭിന്നത!
എന്‍എസ്എസിനെ പൂര്‍ണ്ണമായും പിണക്കുന്നത് തിരഞ്ഞെടുപ്പ് ഗോദയില്‍ ആത്മഹത്യാപരമാണെന്ന തിരിച്ചറിവിലാണ് സിപിഎം. എന്‍എസ്എസുമായി ഒരു തുറന്ന പോരിന് ഇപ്പോള്‍ സമയമല്ലെന്നും, സുകുമാരന്‍ നായരെ അനുനയിപ്പിച്ച് നിര്‍ത്തേണ്ടത് ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു. മറുഭാഗത്ത്, ബിഡിജെഎസ് വഴി എന്‍ഡിഎ പാളയത്തില്‍ നില്ക്കുന്ന വെള്ളാപ്പള്ളിയുടെ ഓരോ നീക്കവും സുകുമാരന്‍ നായര്‍ സംശയത്തോടെയാണ് കാണുന്നത്. ഈ സംശയം നീക്കി ഐക്യത്തിന്റെ പാലം പണിയാന്‍ വെള്ളാപ്പള്ളി തന്നെ മുന്‍കൈ എടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
‘യോഗനാദ’ത്തിലെ ലേഖനത്തിലൂടെ വെള്ളാപ്പള്ളി നടേശന് ഉയര്‍ത്തിയ സ്നേഹഹസ്തം ഈ ഉന്നതതല നിര്‍ദ്ദേശങ്ങളുടെ ഫലം കൂടിയാണെന്നാണ് സൂചന. ജാതി പറഞ്ഞ് പോരടിച്ച് നില്‍ക്കുന്നത് ഹൈന്ദവ സമൂഹത്തിന്റെ അധോഗതിക്ക് കാരണമാകുമെന്നും സമാനചിന്താഗതിക്കാര്‍ ഒന്നിക്കണമെന്നും പറയുന്നതിലൂടെ സുകുമാരന്‍ നായര്‍ക്ക് ഒരു ‘സേഫ് എക്സിറ്റ്’ നല്‍കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഭൂരിപക്ഷ സമുദായം അവഗണിക്കപ്പെടുന്നുവെന്ന പൊതുവികാരം ഉയര്‍ത്തിപ്പിടിച്ച് എന്‍എസ്എസിനെ കൂടെക്കൂട്ടുക വഴി ഒരു വന്‍ ഹൈന്ദവ വോട്ട് ബാങ്ക് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. എന്നാല്‍, സംവരണ വിഷയത്തിലും രാഷ്ട്രീയ നിലപാടുകളിലും എന്‍എസ്എസ് പുലര്‍ത്തുന്ന കടുംപിടുത്തം ഈ ഐക്യനീക്കത്തിന് എത്രത്തോളം ഗുണകരമാകുമെന്നത് കണ്ടറിയണം.


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്:ആദ്യ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ സുപ്രീം കോടതി നീക്കി;’ വിചാരണയെ ബാധിച്ചേക്കും’ എന്ന വാദം അംഗീകരിച്ചു




