മാതൃദിനത്തിൽ അമ്മമാർക്ക് ആദരവുമായി ദുബായ് കിരീടാവകാശി: ‘വീട്ടമ്മ’ ഇനി മുതൽ ‘തലമുറകളുടെ ശില്പി’

ദുബായ്: മാതൃദിനത്തിൽ ലോകമെമ്പടുമുള്ള അമ്മമാർക്ക് സവിശേഷമായ ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തിന്റെ നട്ടെല്ലായ അമ്മമാരുടെ നിസ്സ്വാർത്ഥമായ സേവനങ്ങളെ മുൻനിർത്തി, ഔദ്യോഗിക രേഖകളിൽ ‘വീട്ടമ്മ’ (Housewife) എന്ന പദത്തിന് പകരം ‘തലമുറകളുടെ ശില്പി‘ (Generations Shaper) എന്ന് മാറ്റാൻ അദ്ദേഹം ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.

കുടുംബങ്ങളെയും സമൂഹത്തെയും വാർത്തെടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ അംഗീകരിക്കുന്നതിനായുള്ള പ്രതീകാത്മകവും എന്നാൽ അർത്ഥവത്തുമായ നീക്കമാണിത്. അമ്മമാരാണ് കുട്ടികളുടെ ആദ്യ വിദ്യാലയമെന്നും, ഉത്തരവാദിത്തബോധവും രാജ്യത്തോടുള്ള കൂറും മൂല്യങ്ങളും കുട്ടികൾ പഠിക്കുന്നത് അമ്മമാരിൽ നിന്നാണെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

കരുത്തുറ്റ ഒരു രാഷ്ട്രത്തിന്റെ അടിത്തറ പാകുന്നത് അമ്മമാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ “എക്സിലൂടെ” പങ്കുവെച്ച വീഡിയോയിൽ അമ്മമാരുടെ സ്‌നേഹത്തെയും ത്യാഗത്തെയും അദ്ദേഹം പ്രകീർത്തിച്ചു. എല്ലാ നന്മകളുടെയും ഉറവിടം അമ്മമാരാണെന്നും അവർക്ക് നന്ദി പറയുന്നുവെന്നും ഹൃദയസ്പർശിയായ കുറിപ്പിലൂടെ അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മമാരുടെ സേവനങ്ങളെ കേവലം ഒരു പദവിയിലൊതുക്കാതെ, അവർ സമൂഹത്തിന് നൽകുന്ന മഹത്തായ സംഭാവനകളെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയാണ് ഈ പുതിയ തീരുമാനത്തിലൂടെ ദുബായ് ലക്ഷ്യമിടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.