തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിശേഷദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പൊതു അവധി ദിനങ്ങൾ റദ്ദാക്കണമെന്നും അറിവും വിജ്ഞാനവും സാമ്പാദിക്കുന്നതിനുള്ള ദിനങ്ങളാക്കി മാറ്റണമെന്നുമാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ, അംഗങ്ങളായ കെ.കെ.ഷാജു ഡോ.എഫ്. വിൽസൺ എന്നിവരുടെ ഫുൾ ബഞ്ചിന്റെ ഉത്തരവ്.
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതിനു ജീവത്യാഗം ചെയ്തവരെയും കുറിച്ച് പഠിപ്പിക്കണം. ഭരണഘടനാ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഗാന്ധിജയന്തി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
തുടർനടപടികൾക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ എന്നിവർക്കും വനിതാ ശിശുവികസന സെക്രട്ടറിക്കും കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണം, ക്രിസ്തുമസ്, പെരുന്നാൾ തുടങ്ങിയ ദിനങ്ങളിൽ മനുഷ്യർ തമ്മിലുള്ള സഹകരണം, പരസ്പര ബഹുമാനം, ഐക്യം, അഖണ്ഡത, സമത്വം തുടങ്ങിയ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നുനൽകുന്ന പദ്ധതികളും പരിപാടികളും നടപ്പാക്കണം. എല്ലാവർക്കും തുല്യനീതിയും പരിഗണനയും സംരക്ഷണവും ലഭിക്കുന്ന നവലോകം സൃഷ്ടിക്കാൻ ഉതകുന്ന സന്ദേശം കുട്ടികൾക്ക് നൽകുന്നതിന് സ്കൂളുകൾക്ക് നിർദ്ദേശം നൽകണം. ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയിൽ കുട്ടികളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം. ശ്രീനാരായണഗുരുജയന്തിയിലും സമാധി ദിനത്തിലും ഗുരുവിന്റെയും നവോത്ഥാന നയകരുടെയും സന്ദേശങ്ങൾ ഉൾക്കെള്ളിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസുകളും കുട്ടികളുടെ നേതൃത്വത്തിൽ സംവാദ സദസ്സുകളും സംഘടിപ്പിക്കണം. പഞ്ചമി എന്ന കുട്ടിക്ക് വിദ്യാഭ്യാസം ലഭ്യമാക്കിയത് ഓർമിച്ചുകൊണ്ട് അയ്യങ്കാളിയുടെ ജന്മദിനത്തിൽ വിദ്യാഭ്യാസ അവകാശ ദിനമായി ആചരിക്കുകയും സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്പെഷ്യൽ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ ദിനാചരണ പരിപാടികളിൽ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ഐക്യസ്വഭാവം കാണുന്നില്ല. സ്കൂൾതലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് കുട്ടികൾക്ക് വേണ്ടിയാണ്. ഇത്തരം പരിപാടികളിൽ സംഘാടകരാകാനുള്ള അവസരങ്ങൾ അവർക്ക് ലഭിക്കുന്നില്ല. എല്ലാവിധ ദിനാചരണങ്ങളും സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്നതിനും അവയിൽ എല്ലാ വിദ്യാർത്ഥികളുടെയും സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ബാലാവകാശ കമ്മിഷൻ ഇടപെടണമെ ന്നാവശ്യപ്പെട്ടു അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ എൽ. സുഗതൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സ്വര്‍ണ്ണ കൊള്ളയില്‍ ഇഡി അറസ്റ്റിലേക്ക് കടക്കും; പ്രതികള്‍ ഭീതിയില്‍; ഉണ്ണികൃഷ്ണന് പോറ്റി നിരീക്ഷണത്തില്‍





