റോയിയെ തളച്ചത് ‘ദുബായ് സമ്മര്‍ദ്ദം’; ഇന്ത്യ-യുഎഇ സാമ്പത്തിക കരാര്‍ കുരുക്കായി; മരിക്കാന്‍ ഉറച്ച് ബെംഗളൂരുവിലേക്ക്; യുഎഇയിലെ ആന്റി മണി ലോണ്ടറിങ് നിയമം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാകുന്നു

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത ആത്മഹത്യയ്ക്ക് പിന്നില്‍ യുഎഇയിലെ കര്‍ശനമായ സാമ്പത്തിക നിയമങ്ങളും അന്വേഷണങ്ങളുമാണെന്ന് സൂചന. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള സഹകരണ കരാര്‍ നടപടികള്‍ കടുപ്പിച്ചത് റോയിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇന്ത്യയിലെ ബിസിനസ്സില്‍ നിന്നുള്ള ലാഭമാണ് യുഎഇയില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു റോയി അധികൃതര്‍ക്ക് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍, ഈ നിക്ഷേപങ്ങളുടെ ഉറവിടം കണ്ടെത്താന്‍ 2018-ലെ സഹകരണ കരാര്‍ പ്രകാരം യുഎഇ അധികൃതര്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇതാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടന്ന ആദായനികുതി റെയ്ഡുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നാണ് വിവരം.
യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025-ല്‍ പത്താം നമ്പര്‍ ഫെഡറല്‍ ഡിക്രി വഴി പരിഷ്‌കരിച്ച് കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. നിക്ഷേപങ്ങള്‍ നിയമപരമല്ലെന്ന് സംശയം തോന്നിയാല്‍ ഉറവിടം അന്വേഷിക്കാന്‍ ഈ നിയമം അധികൃതര്‍ക്ക് വിപുലമായ അധികാരം നല്‍കുന്നുണ്ട്. റോയിയുടെ വിദേശ നിക്ഷേപങ്ങളില്‍ സിനിമ-രാഷ്ട്രീയ മേഖലകളിലുള്ളവരുടെ ബിനാമി പണമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം മുറുകിയതോടെ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.
ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് റോയി എത്തിയത് തന്നെ എല്ലാം അവസാനിപ്പിക്കാന്‍ ഉറപ്പിച്ചാണെന്നാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. നിക്ഷേപങ്ങളുടെ റിക്കവറിക്ക് വരെ സാധ്യതയുള്ള കരാറിലെ വ്യവസ്ഥകള്‍ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം ഭയന്നിരിക്കാം.
ആദായനികുതി വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് യുഎഇയ്ക്ക് കൈമാറുന്നതോടെ വിദേശത്തുള്ള ആസ്തികള്‍ കണ്ടുകെട്ടപ്പെടുമെന്ന ഭീതിയാകാം ഒരു കരുത്തനായ വ്യവസായ പ്രമുഖനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.