ബംഗ്ലൂരൂ: ‘ആവേശം’ സിനിമയിലെ അമ്പാന്‍ പറയുന്ന ഒരു ഹിറ്റ് ഡയലോഗുണ്ട് ‘രംഗണ്ണന് പണ്ട് കുറച്ച് ഭൂമി വാങ്ങിയിട്ടിരുന്നു, അതിലാണ് ഇന്ന് ബെംഗളൂരു എയര്‍പോര്‍ട്ട് നില്‍ക്കുന്നത്!’ എന്ന്. സിനിമയില്‍ കേട്ട് ആരാധകര്‍ ആവേശം കൊണ്ട ആ വാചകം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയ വ്യക്തിയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകന്‍ സി.ജെ. റോയ്. ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ച പ്രവചിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യമായ ദീര്‍ഘവീക്ഷണം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ വ്യക്തിയാണ് ആത്മഹത്യ ചെയ്യുന്നത്.
വര്‍ഷം 2000. ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ് ഫീല്‍ഡിനും ഇടയിലുള്ള സര്‍ജാപുര്‍ അന്ന് വെറുമൊരു കുഗ്രാമമായിരുന്നു. ആടുകള്‍ മേയുന്ന ആ തരിശുഭൂമിയില്‍ 350 ഏക്കറോളം സ്ഥലമാണ് റോയ് അന്ന് വാങ്ങിക്കൂട്ടിയത്. വെറും 6,000 രൂപയായിരുന്നു അന്ന് ഒരു സെന്റ് ഭൂമിയുടെ വില. റോയിയുടെ ആ നിക്ഷേപം ഇന്നിപ്പോള്‍ ഒരു ബിസിനസ് അത്ഭുതമാണ്; ഇന്ന് അവിടെ ഒരു സെന്റിന് 18 ലക്ഷം രൂപയിലധികമാണ് വിപണി വില. നഗരം എങ്ങോട്ട് വളരുമെന്ന് തിരിച്ചറിഞ്ഞ ആ ദീര്‍ഘവീക്ഷണമാണ് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളാക്കിയത്.
ബിസിനസ്സിനൊപ്പം തന്നെ വാഹനങ്ങളോടുള്ള അടങ്ങാത്ത ഭ്രമവും റോയിയെ വ്യത്യസ്തനാക്കി. ‘വണ്ടി പ്രാന്തന്’ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഗാരിജില്‍ ബുഗാട്ടിയും റോള്‍സ് റോയ്സും ലംബോര്‍ഗിനിയും ഹമ്മറും ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങള്‍ അണിനിരന്നു. എങ്കിലും താന്‍ വന്ന വഴി മറക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 25-ാം വയസ്സില്‍ വാങ്ങിയ തന്റെ ആദ്യ വാഹനമായ മാരുതി 800-നോട് റോയിക്കുണ്ടായിരുന്ന വൈകാരിക ബന്ധം ലോകപ്രശസ്തമാണ്.
വിറ്റുപോയ ആ പഴയ കാര്‍ 10 ലക്ഷം രൂപ ഓഫര്‍ നല്കി തിരികെ കണ്ടെത്തിയ റോയ്, ഏത് ആഡംബര കാറിനേക്കാളും താന്‍ ഇഷ്ടപ്പെടുന്നത് ആ മാരുതിയെയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ആ പഴയ മാരുതിയില്‍ നിന്ന് തുടങ്ങിയ ആത്മവിശ്വാസമാണ് പിന്നീട് ശതകോടികളുടെ ബിസിനസ് സാമ്രാജ്യമായി പടര്‍ന്നുപന്തലിച്ചത്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കോടീശ്വരന്മാരുടെ പട്ടികയിലേക്ക് സി.ജെ. റോയി എന്ന ചിരിയന്‍കണ്ടത്ത് ജോസഫ് റോയി നടന്നു കയറിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ റോയി, പ്രമുഖ ഐടി കമ്പനിയായ എച്ച്പിയില്‍ (HP) പ്ലാനിങ് മാനേജരായി സേവനമനുഷ്ഠിക്കവെയാണ് സ്വന്തം സംരംഭം എന്ന സ്വപ്നത്തിലേക്ക് തിരിഞ്ഞത്.
2005-ല്‍ ഏഴ് പേര് ചേര്‍ന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായാണ് ‘കോണ്‍ഫിഡന്റ് ഗ്രൂപ്പ്’ ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കര്‍ണാടകത്തിലും കേരളത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയ മേഖലകളിലേക്കും ഗ്രൂപ്പ് അതിവേഗം വളര്‍ന്നു. സ്വന്തം അമ്മയില്‍ നിന്നാണ് താന്‍ ബിസിനസിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചതെന്ന് റോയി പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ചെറിയ പ്ലോട്ടുകള്‍ വാങ്ങി അവിടെ വീടുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതായിരുന്നു അമ്മയുടെ രീതി. ആ സംരംഭങ്ങളില്‍ സഹായിയായി ഒപ്പം കൂടിയാണ് റോയി റിയല്‍ എസ്റ്റേറ്റിലെ ലാഭസാധ്യതകള്‍ തിരിച്ചറിഞ്ഞത്. കടമില്ലാതെ ബിസിനസ് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായിരുന്നു. ബെംഗളൂരുവില്‍ 330 ഏക്കറില്‍ നിര്‍മ്മിക്കുന്ന ഗോള്‍ഫ് കോഴ്സും വില്ലകളുമായിരുന്നു അത്. വായ്പകളൊന്നും എടുക്കാതെയാണ് ഈ വമ്പന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി 13 തടാകങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്. ബിസിനസ് സാമ്രാജ്യത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അചഞ്ചലമായ ‘ആത്മവിശ്വാസ’മായിരുന്നു സി.ജെ. റോയിയുടെ മുഖമുദ്ര.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’! വിഎസിന്റെ പഴയ ലൈന്‍ പിടിക്കാന്‍ പിണറായി; ശബരിമലയില്‍ വിശ്വാസത്തെ എതിര്‍ക്കില്ല; യുടേണടിക്കാന്‍ തന്ത്രപരമായ നീക്കം; ഗോവിന്ദന് പറയാതെ പറഞ്ഞത്





