‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’! വിഎസിന്റെ പഴയ ലൈന്‍ പിടിക്കാന്‍ പിണറായി; ശബരിമലയില്‍ വിശ്വാസത്തെ എതിര്‍ക്കില്ല; യുടേണടിക്കാന്‍ തന്ത്രപരമായ നീക്കം; ഗോവിന്ദന്‍ പറയാതെ പറഞ്ഞത്

തിരുവനന്തപുരം: ശബരിമലയിലെ ‘കനല്‍’ അണയുന്നില്ല, പക്ഷേ പിണറായി സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങുന്നു! യുവതീപ്രവേശന വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിരുന്ന കടുംപിടുത്തം ഉപേക്ഷിച്ച്, പഴയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാടിലേക്ക് മാറുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’ എന്ന വിഎസിന്റെ പഴയ ലൈനിലേക്ക് പാര്‍ട്ടി മടങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളിലുള്ളത്. പടിക്കു പുറത്തെത്തിയ തിരഞ്ഞെടുപ്പും വിശ്വാസികളുടെ കടുത്ത രോഷവും കണ്ടുതന്നെയാണ് ഈ ‘തന്ത്രപരമായ പിന്മാറ്റം’.
നവോത്ഥാന മതിലുകെട്ടിയും യുവതികളെ മലകയറ്റാന്‍ വാശിപിടിച്ചും നടന്ന പിണറായിക്ക് ഇപ്പോള്‍ ശബരിമല ഒരു ബാലികേറാമലയായി മാറിയിരിക്കുകയാണ്. യുവതീപ്രവേശനത്തെ നേരിട്ട് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ, നിയമത്തിന്റെ നൂലാമാലകളില്‍ തൂങ്ങി വിശ്വാസികളെ കയ്യിലെടുക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയും അയ്യപ്പസംഗമം തീര്‍ത്ത ആഘാതവും പാര്‍ട്ടിയെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് പെട്ടിയിലാക്കാന്‍ ‘വിശ്വാസികള്‍ക്കൊപ്പം’ എന്ന പുതിയ ലേബല്‍ ഒട്ടിക്കാതെ നിവൃത്തിയില്ലെന്നാണ് എകെജി സെന്ററിലെ വിലയിരുത്തല്‍.
നേരത്തെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്ന കാര്യത്തിലും സര്‍ക്കാര്‍ തലത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമാണ്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച വിപ്ലവകരമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. ആചാര സംരക്ഷണം ഉറപ്പാക്കാന്‍ വിദഗ്ധരുമായി ചര്‍ച്ച വേണമെന്ന ഗോവിന്ദന്റെ നിലപാട്, പണ്ടത്തെ വിഎസ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പാണ്.
അണികള്‍ക്ക് മുന്നില്‍ ഈ ‘യൂ-ടേണ്‍’ എങ്ങനെ ന്യായീകരിക്കും എന്ന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും, അധികാരം നിലനിര്‍ത്താന്‍ ശബരിമലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ചുരുക്കത്തില്‍, ശബരിമലയിലെ തീപ്പൊരി തല്‍ക്കാലം അണച്ച് വോട്ട് പെട്ടിയിലാക്കാനുള്ള ‘ഇടതു’ തന്ത്രത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.