തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക നീക്കങ്ങളില്‍ പയറ്റാന്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി പിണറായി സര്‍ക്കാര്‍. യുവതീപ്രവേശനത്തെ അന്ധമായി അനുകൂലിച്ചും വിധി നടപ്പാക്കാന്‍ ആവേശം കാണിച്ചും കൈപൊള്ളിയ സര്‍ക്കാര്‍, ഇപ്പോള്‍ പഴയ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലേക്ക് മടങ്ങും. പ്രത്യക്ഷത്തില്‍ നിലപാട് പ്രഖ്യാപിക്കാതെ, ‘വിശ്വാസ കമ്മീഷന് വേണം’ എന്ന പഴയ ആവശ്യം മുന്‍നിര്‍ത്തി തടിതപ്പാനാണ് നീക്കം. ഇതോടെ നവോത്ഥാന പ്രതിച്ഛായ നിലനിര്‍ത്തുകയും അതേസമയം ഭക്തജനരോഷം തണുപ്പിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് സി.പി.എം പയറ്റുന്നത്.
2007-ല്‍ വി.എസ്. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ യുവതീപ്രവേശനത്തിന് അനുകൂലമായിരുന്നില്ല എന്നതല്ല, മറിച്ച് അതീവ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. ശബരിമലയിലെ ആചാരമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഹിന്ദു പണ്ഡിതരും സാമൂഹിക പരിഷ്കര്‍ത്താക്കളും നിയമവിദഗ്ധരും ഉള്‍ക്കൊള്ളുന്ന ഒരു കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് തിരുത്തി യുവതീപ്രവേശനത്തെ എതിര്‍ത്തുവെങ്കിലും, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ യുവതീപ്രവേശനത്തിനായി വാദിക്കുകയും വിധി നടപ്പാക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജികളുടെ ഘട്ടത്തില്‍ തിരിച്ചടി ഭയന്നാണ് ഇപ്പോള്‍ ‘വി.എസ് ലൈനിലേക്ക്’ സര്‍ക്കാര്‍ ചുവടുമാറ്റുന്നത്.
സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് പക്ഷങ്ങള്‍ വ്യക്തമാണ്. ഇതിനിടയില്‍ ‘കമ്മീഷനെ വെയ്ക്കാം’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് അത്ര എളുപ്പമാകില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. എങ്കിലും, യുവതീപ്രവേശനത്തെ തള്ളിപ്പറയാതെ തന്നെ ഭക്തരെ പിണക്കാതിരിക്കാന്‍ ഇതാണ് ഏറ്റവും നല്ല വഴിയെന്നാണ് പാര്‍ട്ടിയിലെ പ്രാഥമിക വിലയിരുത്തല്‍. വിധി നടപ്പാക്കാന്‍ ശ്രമിച്ചതിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി നേരിട്ട സി.പി.എം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചാണ് ഈ മുന്‍കരുതല്‍ എടുക്കുന്നത്. ഒപ്പം, നവോത്ഥാന മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന വാദം നിലനിര്‍ത്താന്‍ കമ്മീഷന് എന്ന ‘മധ്യമാര്‍ഗ്ഗം’ സഹായിക്കുമെന്നും പിണറായി കണക്കുകൂട്ടുന്നു.
കളംമാറ്റിച്ചവിട്ടി, ഒടുവിൽ കൈവിട്ട് സിപിഎമ്മും! കെ.വി തോമസും ലതികാ സുഭാഷും എങ്ങോട്ട്?
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ‘മൗനം വിദ്വാന് ഭൂഷണം’ എന്ന നിലപാടുമായി സുരക്ഷിത താവളം തേടിയ പിണറായി സര്‍ക്കാരിന് സ്വന്തം അഭിഭാഷകന് തന്നെ എട്ടിന്റെ പണി നല്‍കിയെന്നും വിലയിരുത്തലുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ചിന് മുന്നില്‍, കേരളം ഇതുവരെ പുനഃപരിശോധനയെ എതിര്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ നിലപാട് മാറാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത നടത്തിയ പരാമര്‍ശമാണ് സര്‍ക്കാരിനെ നാണം കെടുത്തിയത്. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ പഴയ ‘കമ്മീഷന് ഫോര്‍മുല’യില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച പിണറായിക്ക് ഈ വെളിപ്പെടുത്തല്‍ വന്‍ തിരിച്ചടിയായി.
കോടതി നടപടികള്‍ സുഗമമാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുനഃപരിശോധനയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും ഭാഗത്തുനിന്ന് ഓരോരുത്തരെ നിശ്ചയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിഷെ രാജന് ഷൊങ്കറിന്റെ പേര് ഉയര്‍ന്നപ്പോള്‍, അവരെ പുനഃപരിശോധനയെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന് ജയ്ദീപ് ഗുപ്ത വാദിച്ചു. കേരളം ഇതുവരെ വിധിയെ അനുകൂലിക്കുകയും പുനഃപരിശോധനയെ എതിര്ക്കുകയുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിലപാട് മാറിയേക്കാമെന്നുമുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കോടതിമുറിയില്‍ തുറന്നുകാട്ടി.
യുവതീപ്രവേശനത്തെ എതിര്‍ക്കാതെ തന്നെ ഭക്തരുടെ രോഷം തണുപ്പിക്കാന്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്തെ ‘കമ്മിഷന്’ വാദത്തില്‍ അഭയം തേടാനായിരുന്നു സി.പി.എം. നേതാക്കളുടെ ധാരണ. എന്നാല്‍ പുനഃപരിശോധനയെ കേന്ദ്രം പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കിയതോടെ കളി മാറി. ഇതിനിടയിലാണ് കേരളത്തിന്റെ മുന്‍കാല നിലപാടുകളെക്കുറിച്ച് ജയ്ദീപ് ഗുപ്ത ഓര്‍മ്മിപ്പിച്ചത്. ബോധപൂര്‍വ്വമല്ലെങ്കിലും, സര്‍ക്കാരിന്റെ ‘സേഫ് ഗെയിം’ പ്ലാനുകള്‍ക്ക് ജയ്ദീപിന്റെ വാചകങ്ങള്‍ വലിയ പരിക്കേല്‍പ്പിച്ചു.
കോടതിയെ സഹായിക്കാനായി മുതിര്‍ന്ന അഭിഭാഷകന് കെ. പരമേശ്വറിനെയും ശിവം സിംഗിനെയും അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു. എല്ലാ കക്ഷികളുടെയും നിലപാടുകള്‍ സമാഹരിച്ച് റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ, വരുംദിവസങ്ങളില്‍ കോടതിയില്‍ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.


നേമവും കഴക്കൂട്ടവും മഞ്ചേശ്വരവും ഉറപ്പിച്ചു; കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി; പാലക്കാടും ആറ്റിങ്ങലിലും കടുത്ത പോരാട്ടം; കാട്ടാക്കടയിലും വിജയസാധ്യതയെന്ന് വിലയിരുത്തല്‍





