ശബരിമലയില്‍ കൈയറ്റത്തിന് പിന്നാലെ ‘കൈയില്ലാത്ത’ ദ്വാരപാലകന്‍; തന്ത്രി കടുത്ത അതൃപ്തിയില്‍; പാളികള്‍ ഇളക്കിമാറ്റിയതില്‍ ദേവകോപം ഭയന്ന് സന്നിധാനം; പുതിയ ശില്‍പ്പത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്

സന്നിധാനം: സ്വര്‍ണ്ണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പത്തിന്റെ കൈ മുറിച്ചെടുത്ത നടപടി സന്നിധാനത്തെ വിശ്വാസികളെയും തന്ത്രിയെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാനെന്ന പേരില്‍ ശില്‍പ്പത്തിന് അംഗഭംഗം വരുത്തിയതില്‍ തന്ത്രി കടുത്ത അതൃപ്തിയിലാണ്.
എന്നാല്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് തന്ത്രി കുടുംബം. അംഗഭംഗം വന്ന ബിംബങ്ങളോ പാളികളോ ശ്രീകോവിലില്‍ നിലനിര്‍ത്തുന്നത് വലിയ ദോഷമാണെന്നിരിക്കെ, ദ്വാരപാലക ശില്‍പ്പങ്ങള്‍ പുതിയത് നിര്‍മ്മിക്കാന്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. ദേവപ്രശ്‌നവും നടത്തേണ്ടി വരും. ഏതായാലും ഇപ്പോള്‍ മുറിച്ചെടുത്ത ഭാഗം ഇനി കൂട്ടിയോജിപ്പിക്കുക അസാധ്യമാണ്.
തെളിവുശേഖരണത്തിനായി ദ്വാരപാലക ശില്‍പ്പത്തിന്റെ കൈ മുറിച്ചെടുത്തതും കട്ടിളപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം ചിരണ്ടിയെടുത്തതും ആചാരപരമായ ലംഘനമാണെന്ന വികാരം ഭക്തര്‍ക്കിടയില്‍ ശക്തമാണ്. മുറിഞ്ഞുപോയ ബിംബങ്ങള്‍ ശ്രീകോവിലിന് മുന്നില്‍ പ്രതിഷ്ഠിക്കുന്നത് വലിയ ദുര്‍നിമിത്തമായാണ് കാണുന്നത്. വിഎസ് എസ് സി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് മുംബൈയിലെ ബാര്‍ക്കില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ഇതിനായി വലിയ അളവില്‍ സ്വര്‍ണ്ണപ്പാളികള്‍ മുറിച്ചെടുത്തതോടെ ശില്‍പ്പത്തിന്റെ രൂപം തന്നെ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അംഗഭംഗം വന്ന ശില്‍പ്പങ്ങള്‍ മാറ്റി പുതിയവ നിര്‍മ്മിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ബോര്‍ഡ് വിലയിരുത്തുന്നു. സ്വര്‍ണ്ണത്തിന് പകരം പിച്ചള വെച്ച കള്ളന്മാരെ പിടിക്കാന്‍ കഴിയാത്ത പോലീസ്, ഭഗവാന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണം ഒന്നടങ്കം മാന്തിയെടുക്കുന്നത് ദേവഹിതത്തിന് വിരുദ്ധമാണെന്ന് ഭക്തര്‍ ആരോപിക്കുന്നു. സന്നിധാനത്ത് അടിയന്തരമായി ദേവപ്രശ്‌നം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
മുറിച്ചെടുത്ത ഭാഗങ്ങളുമായി പോലീസ് മടങ്ങിയെങ്കിലും, ‘കൈയില്ലാത്ത’ ദ്വാരപാലകന്‍ ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്നത് ശബരിമലയുടെ ചൈതന്യത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് സന്നിധാനം. സ്വര്‍ണ്ണക്കൊള്ള അന്വേഷണം ഒടുവില്‍ ആചാരലംഘനത്തിലേക്കും പുതിയ നിര്‍മ്മാണങ്ങളിലേക്കും വഴിമാറുന്നത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വലിയ രാഷ്ട്രീയ-വിശ്വാസ ബാധ്യതയായി മാറും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.