ശബരിമലയിലെ പൊന്നിൻ കവചം കടത്തിയ ‘ബെല്ലാരി കൊള്ള’; ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസും ചെന്നൈ വ്യവസായിയും ഉടൻ അറസ്റ്റിലേക്ക്? സ്വർണ്ണം ഉരുക്കി കടത്തിയത് കിലോക്കണക്കിന്; സന്നിധാനത്തെ പിടിച്ചുലയ്ക്കുന്ന ‘ഗോവർദ്ധന’ വെളിപ്പെടുത്തൽ നിർണ്ണായകം

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ ഹൈക്കോടതി നല്‍കിയ കര്‍ശന ഉത്തരവ് അന്വേഷണ സംഘത്തെ സജീവമാക്കുകയാണ്. ഭക്തിയുടെ മറവില്‍ നടന്ന ഈ മഹാകൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസും ചെന്നൈയിലെ വിവാദ വ്യവസായിയും ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. ഇരുവരും നിലവില്‍ അന്വേഷണ നിഴലിലാണ്. തന്നെ പോലീസ് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുത്തതാണെന്ന് കേസിലെ പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്‍ ഹൈക്കോടതിയില്‍ വാദിക്കുമ്പോഴും, ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ സന്നിധാനത്തെ അഴിമതിയുടെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. ഐപിഎസുകാരനായ ഹരിശങ്കറിന്റെ പിതാവാണ് ശങ്കരദാസ്.

ദുരൂഹത ഏറുന്നു ബെല്ലാരി മാഫിയയും ദേവസ്വം ബോര്‍ഡിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷയിലുള്ളത്. 1995 മുതല്‍ താന്‍ വലിയൊരു തുക അയ്യപ്പന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മാളികപ്പുറത്തമ്മയ്ക്ക് സ്വര്‍ണ്ണമാല നല്‍കിയെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ മാല ദേവസ്വം ബോര്‍ഡിന്റെ രജിസ്റ്ററിലില്ല. ഭക്തര്‍ നല്‍കുന്ന കാണിക്കകള്‍ കൃത്യമായി രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥര്‍ ഇത് എങ്ങനെ മറച്ചുവെച്ചു? കോടികള്‍ വിലമതിക്കുന്ന കാണിക്കകള്‍ ഉന്നതരുടെ പോക്കറ്റിലേക്കാണ് പോയതെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.

സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശാനായി എടുത്ത സ്വര്‍ണ്ണമാണ് ഉരുക്കി കടത്തിയത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും ഗോവര്‍ദ്ധനും ചേര്‍ന്നാണ് ഈ നീക്കം നടത്തിയത്. ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് ഏകദേശം 475 ഗ്രാം സ്വര്‍ണ്ണം താന്‍ വാങ്ങിയിട്ടുണ്ടെന്ന് ഗോവര്‍ദ്ധന്‍ സമ്മതിക്കുന്നു. ഇതിന് പകരമായി ദേവസ്വം ബോര്‍ഡിന് പണം നല്‍കിയെന്നാണ് ഇയാളുടെ ന്യായീകരണം. എന്നാല്‍ സ്വര്‍ണ്ണം ഉരുക്കി വില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരു ഘട്ടത്തിലും അനുവാദം നല്‍കിയിരുന്നില്ല. രേഖകളില്ലാതെ സ്വര്‍ണ്ണം കൈമാറാന്‍ ഒത്താശ ചെയ്തത് ബോര്‍ഡിലെ അന്നത്തെ ഭരണസാരഥികളാണെന്ന നിഗമനത്തിലാണ് പോലീസ്.

ശബരിമലയ്ക്ക് വിജയ് മല്യ നല്‍കിയ 32 കിലോ സ്വര്‍ണ്ണത്തിന് എന്ത് സംഭവിച്ചു എന്നതിലേക്കും ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പ് സംഘങ്ങള്‍ക്കും ഈ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടോ എന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ശങ്കരദാസിനെയും ചെന്നൈയിലെ വ്യവസായിയെയും ചോദ്യം ചെയ്യുന്നതോടെ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് കൂടും. സന്നിധാനത്തെ ഓരോ സ്വര്‍ണ്ണത്തരിയും അളന്നു തിട്ടപ്പെടുത്താനുള്ള ഓഡിറ്റിംഗ് സംവിധാനം എങ്ങനെ പരാജയപ്പെട്ടു എന്നത് പ്രത്യേക സംഘം പരിശോധിക്കുന്നുണ്ട്. ഭക്തരുടെ വിശ്വാസത്തെ വിറ്റ് കാശാക്കിയ ഈ മാഫിയയെ വേരോടെ പിഴുതെറിയാനാണ് ഹൈക്കോടതിയുടെ നീക്കം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.