മലപ്പുറം: നിലമ്പൂര്‍ പോലീസിന് ഇപ്പോള്‍ ഒരു പഴഞ്ചൊല്ല് നേരിട്ട് ബോധ്യമായിരിക്കുകയാണ്; ‘കാത്തു കാത്തിരുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി’. പക്ഷേ ഇവിടെ കൊത്തിപ്പോയത് കാക്കയല്ല, മാല വിഴുങ്ങിയ ഒരു സ്ത്രീയാണ്. കുട്ടിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ പ്രതിയായ യുവതി പോലീസിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒടുവില്‍ തൊണ്ടിമുതല്‍ ശൗചാലയത്തിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ് ഈ വിരുതി.
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് സംഭവം. ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന 3.5 ഗ്രാം സ്വര്‍ണ്ണമാലയാണ് പാലേമാട് സ്വദേശിനി സമീന തന്ത്രപൂര്‍വ്വം കവര്‍ന്നത്. മോഷണം പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തൊണ്ടിമുതല്‍ യുവതി പച്ചയ്ക്ക് വിഴുങ്ങി. പോലീസ് എത്തി എക്സറേ എടുത്തപ്പോള്‍ മാല വയറ്റിലുണ്ടെന്ന് ഉറപ്പിച്ചു. പിന്നെ തുടങ്ങിയത് പോലീസിന്റെ വല്ലാത്തൊരു ‘കാത്തിരിപ്പാണ്’.
വയറിളക്കി മാല പുറത്തെത്തിക്കാന്‍ എനിമ നല്‍കിയെങ്കിലും പോലീസ് പ്രതീക്ഷിച്ച ആ ‘മാല’ പുറത്തുവന്നില്ല. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ചാണ് പോലീസിനെ ഞെട്ടിച്ച ട്വിസ്റ്റ് നടന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രി ശൗചാലയത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട സമീന, കൂടെയുണ്ടായിരുന്ന രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കണ്ണുവെട്ടിച്ച് മാല വിസര്‍ജ്യത്തോടൊപ്പം പുറത്തെടുക്കുകയും ഉടന്‍ തന്നെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയുമായിരുന്നു. ഉപയോഗിച്ചിരുന്ന ഡയപ്പര്‍ കൂടി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതോടെ പോലീസിന് തൊണ്ടിമുതല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
തൊണ്ടിമുതല്‍ വിഴുങ്ങിയ പ്രതിയെ ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്. മാല നഷ്ടപ്പെടാന്‍ ഇടയാക്കിയ വനിതാ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഇപ്പോള്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാല പോയെങ്കിലും സമീന രക്ഷപ്പെട്ടില്ല. മോഷണത്തിന് പുറമേ തെളിവ് നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ കൂടി ചുമത്തി ഇവരെ മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു. തൊണ്ടിമുതല്‍ പോയതോടെ ‘പണി’ കിട്ടിയത് പോലീസിനാണെന്നതാണ് ഈ കേസിലെ വിരോധാഭാസം.
കാവല്‍ നിന്ന പോലീസുകാരികള്‍ക്ക് അലംഭാവം ഉണ്ടായി എന്ന വിലയിരുത്തല്‍ സജീവമാണ്. ഭാവിയില്‍ ഇത്തരം കേസുകളുണ്ടാകുമ്പോള്‍ തൊണ്ടി മുതല്‍ നഷ്ടമാകാതിരിക്കാന്‍ പോലീസിന് കരുതലാകും ഈ കേസ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അമ്മയെ കൊന്നു, പിന്നെ സഹോദരിയെ വിളിച്ച് ‘മരണവിവരം’; ലഹരി വളര്‍ത്തിയ ക്രൂരതയുമായി ക്രിസ്റ്റി സ്റ്റേഷനിലേക്ക്; കേളകത്ത് കണ്ണീര് പടരുന്നു





