കൊട്ടാരക്കെട്ടിനുള്ളില്‍ അജ്ഞാതന്‍; അലമാരയില്‍ നിന്നും കൊണ്ടു പോയത് അമൂല്യനിധി; തമ്പുരാട്ടിയുടെ രണ്ട് കോടിയുടെ അമൂല്യശേഖരം കവര്‍ന്നു; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം

തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന കവടിയാര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ അതീവ സുരക്ഷാമേഖലയില്‍ വന്‍ മോഷണം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വണ്ണാഭരണങ്ങളും വജ്രശേഖരവുമാണ് അജ്ഞാതന്‍ കവര്‍ന്നത്.
സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടന്നത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനും നവംബര്‍ ഒന്നിനും ഇടയിലുള്ള കാലയളവിലാണ് കൊട്ടാരക്കെട്ടിനുള്ളില്‍ മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തമ്പുരാട്ടിയുടെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ആഭരണങ്ങള്‍ എവിടെയെങ്കിലും മാറിവെച്ചതാകാമെന്ന് കരുതിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് തമ്പുരാട്ടി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നഷ്ടപ്പെട്ടത് അമൂല്യനിധിയാണ്. അര പവന്റെ പവിഴം കോര്‍ത്ത മാല മുതല്‍ പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കം വരെയുള്ള അമൂല്യമായ ശേഖരമാണ് നഷ്ടപ്പെട്ടത്. മോഷണം പോയ പ്രധാന വസ്തുക്കള്‍ ഇവയാണ്:
എട്ടു ലക്ഷം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും.
ആറ് പവന്‍ തൂക്കം വരുന്ന റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വളകള്‍.
അഞ്ച് കുതിര പവന്‍ സ്വര്‍ണ്ണ നാണയങ്ങള്‍.
പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ പതക്കവും നേര്‍ത്ത ചെയിനും.
സ്വര്‍ണ്ണക്കുഴിമിന്നു മാല (5 പവന്‍), പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണ്ണ പാദസരം (3 പവന്‍).
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍.
പച്ച ഇനാമല്‍ ഇലയും വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണ്ണ പതക്കവും പിരി ചെയിനും.
അന്വേഷണം കൊട്ടാരക്കെട്ടിനുള്ളിലേക്ക് നീളും. ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊട്ടാരത്തിനുള്ളില്‍ കടക്കാന്‍ അനുവാദമുള്ളവരെയോ കൊട്ടാരവുമായി ബന്ധമുള്ളവരെയോ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. അതീവ സുരക്ഷയുള്ള കൊട്ടാരത്തിന്റെ ഉള്ളറകളില്‍ എങ്ങനെ മോഷണം നടന്നുവെന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.