കവടിയാർ കൊട്ടാരത്തിൽ കോടികളുടെ മോഷണം; വിവരം മറച്ചുവെച്ചതിൽ ദുരൂഹത?

Kowdair palace
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ വിവരം മറച്ചുവെച്ചത് രാജകുടുംബാംഗങ്ങൾ: നാണം കെട്ടത് കേരള പോലീസും.
കവടിയാർ രാജകൊട്ടാരത്തിൽനിന്നും രണ്ടുകോടി രൂപയോളം വിലവരുന്ന  പവിഴവും വജ്രവും മറ്റു കല്ലുകളുമടങ്ങുന്ന സ്വർണ്ണാ ഭരണഭരണങ്ങൾ മോഷണം പോയി എന്ന വിവരം  കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസിന് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനും നവംബർ ഒന്നിനും ഇടയ്ക്കുള്ള ഏതോ ദിവസമാണ് ഇവ മോഷണം പോയതെന്നാണ് കരുതുന്നത്.
കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.
വിവരmറിഞ്ഞുകൂടാൻതന്നെ പേരൂർക്കട പോലീസിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥയെ  കൊട്ടാരത്തിലേക്ക് അയച്ച് തമ്പുരാട്ടിയുടെ മൊഴി വാങ്ങി കേസെടുക്കുകയായിരുന്നു.  പേരൂർക്കട പോലീസ് സ്റ്റേഷൻ ക്രൈം 364/2026 നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിൽ പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർത്തിട്ടില്ല. ഭാരതീയ ന്യായ സംഹിത(ബി എൻ എസ് )സെക്ഷൻ 306 ആണ് എഫ് ഐ ആറിൽ ചുത്തിയിരിക്കുന്നത്.
തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ അലമാരയിൽ ഇരുമ്പലമാരയിൽ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ ഉദ്ദേശം അരപ്പവൻ, പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണ്ണപാദസരം ഉദ്ദേശം മൂന്ന് പവൻ, കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസരം ഉദ്ദേശം രണ്ടു പവൻ, വീതിയുള്ള ഇല ഡിസൈനോട് കൂടിയ രണ്ട് വളകൾ ഉദ്ദേശം നാല് പവൻ, വീതി കുറഞ്ഞ സ്വർണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3പവൻ,  ചുവപ്പ് കല്ല് പതിപ്പിച്ച വലിയ രണ്ട് കമ്മലും തൂക്കും(സ്വർണത്തിൽ തീർത്തത് -വില നിശ്ചയമില്ല ), സ്വർണത്തിൽ പച്ച ഇനാമൽ രണ്ട് ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ്ണ പതക്കവും സ്വർണ്ണ പിരി ചെയിനും 2.5 പവൻ, സ്വർണ്ണ കുഴിമിന്നു മാല ഉദ്ദേശം 5 പവൻ, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്നത്, സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും ഉദ്ദേശം 2 പവൻ, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണം ഉദ്ദേശം 6 പവൻ, വളരെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ പതക്കവും ചെയിനും ഉദ്ദേശം 1 പവൻ, ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് എഫ്ഐആറിൽ പറയുന്നു.
മറ്റ് എവിടെയെങ്കിലും മാറിവച്ചതാകാം എന്ന് കരുതിയതിനാലാണ് പോലീസിൽ അറിയിക്കാൻ താമസിച്ചതെന്ന് മൊഴി നൽകിയ തമ്പുരാട്ടി വിശദീകരിച്ചിട്ടുണ്ട്. രാജ്യം ഭരിച്ചിരുന്ന രാജാവിന്റെ അനന്തരാവകാശികൾ താമസിക്കുന്ന കൊട്ടാരത്തിൽനിന്നും ഇത്രയും സ്വർണാഭരണങ്ങൾ മോഷണം പോയത് പോലീസിനെയും കുഴക്കിയിരിക്കുകയാണ്. തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത് ആകയാൽ ആ മുറിയിൽ പ്രവേശിക്കാൻ അനുവാദമുള്ള പരിചാരകരിൽ ആരോ ആയിരിക്കാം മോഷണം നടത്തിയത് എന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാൽ അന്വേഷണത്തിൽ  പരിചാരകർക്കു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന കൊട്ടാരത്തിന്റെ നിർദ്ദേശം അന്വേഷണത്തിന് പോലീസിന് വിലങ്ങുതടി ആവുകയാണ്.
ഒരു വർഷത്തോളം നീണ്ട കാലതാമസം ഉണ്ടായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക ഇനി ദുഷ്കരമായിരിക്കും. വിരലടയാളങ്ങൾ, ക്യാമറ ദൃശ്യങ്ങൾ, പോലീസ് നായയുടെ സേവനം എന്നിവയൊന്നും അന്വേഷണത്തിൽ പോലീസിനെ സഹായിക്കില്ല.
സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക്കിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. പേരൂർക്കട സബ് ഇൻസ്പെക്ടർ ആർ ജഗ്‌മോഹൻ ദത്തൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് ചുമതല ഉള്ളതിനാൽ പോലീസിന് അന്വേഷണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ.
സംഭവസമയത്തിനിടയ്ക്ക് ജോലിയിലുണ്ടായിരുന്ന പരിചാരകരെയും സന്ദർശകരെയും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം . ഇവരുടെ വിവരങ്ങൾ  കൊട്ടാരത്തിൽ നിന്നുംപോലീസ് ശേഖരിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തണമെന്നനിലപാടായിരുന്നു കൊട്ടാരം അധികൃതരുടേത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാട് സിറ്റി പോലീസ് കമ്മിഷണർ സ്വീകരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യാൻ കൊട്ടാരം അധികൃതർ സമ്മതിക്കുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.