എഎസ്പി കുറുപ്പ് വെട്ടിലാകുമോ? മോഹന്‍ലാല്‍ നല്‍കിയ സ്വര്‍ണ്ണം എങ്ങോട്ട് പോയി? കൊടിമര അട്ടിമറിക്ക് പിന്നിലെ കറുത്ത കൈകള്‍ പുറത്തേക്ക്; 2011ലെ ഛായം പൂശയും സംശയത്തില്‍

ശബരിമല: ശബരിമലയിലെ സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കഥകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എഎസ്പി കുറുപ്പും സംശയനിഴലിലാകുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളും പ്രമുഖ വ്യവസായികളും ഭക്തിപൂര്‍വ്വം നല്‍കിയ കിലോക്കണക്കിന് സ്വര്‍ണ്ണം എവിടെപ്പോയി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അഡ്വ. രാജഗോപാലന്‍ നായരുടെ നേതൃത്വത്തിലുള്ള 2011ലെ ബോര്‍ഡും സംശയത്തിന്റെ നിഴലിലാണ്. 2011-ല്‍ തുടങ്ങിയ ആസൂത്രിതമായ അട്ടിമറി നീക്കങ്ങളാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയുടെ വന്‍ വിവാദമായി പടരുന്നത്.
2018-ല്‍ എഎസ്പി കുറുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കിലോക്കണക്കിന് സ്വര്‍ണ്ണം ഭക്തര്‍ കാണിക്കയായി നല്‍കിയെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ കൃത്യമായ അളവ് രേഖപ്പെടുത്തിയിട്ടില്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ നല്‍കിയ സ്വര്‍ണ്ണം വാജിവാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 27 പ്രമുഖര്‍ നല്‍കിയ സ്വര്‍ണ്ണത്തിന് രസീത് പോലുമില്ലെന്ന് ഹൈക്കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ സ്വര്‍ണ്ണദാതാക്കളെ നേരിട്ട് കണ്ട് വിവരം ശേഖരിക്കാനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതില്‍ പൊരുത്തക്കേട് കണ്ടാല്‍ എഎസ്പി കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരും.
ശബരിമലയിലെ പഴയ കൊടിമരം മാറ്റാനുള്ള ഗൂഢാലോചന തുടങ്ങിയത് 2011-ലാണ്. അന്ന് സിപിഎം നിയന്ത്രണത്തിലുള്ള ബോര്‍ഡിന്റെ കാലത്ത്, തന്ത്രിയുടെ അനുമതി പോലുമില്ലാതെ കൊടിമരത്തില്‍ ചായം പൂശിയതായിരുന്നു ആദ്യത്തെ തട്ടിപ്പ്. ഒരു തമിഴ്നാട് സ്വദേശിയെ സ്‌പോണ്‍സറായി കൊണ്ടുവന്ന് നടത്തിയ ഈ ‘നിറം മാറ്റം’ കൊടിമരത്തിന്റെ ചൈതന്യലോപത്തിന് കാരണമായെന്ന് തന്ത്രിമാര്‍ അന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്ന് അയ്മനം രാജന്‍ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥനും അന്നത്തെ ദേവസ്വം പ്രമുഖനും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഉദ്യോഗസ്ഥരുടെ ഈ തന്നിഷ്ടത്തിന് കുടപിടിച്ചത്.
പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ പഴയ കൊടിമരത്തിലുണ്ടായിരുന്ന 11 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണം പൊതിഞ്ഞ ‘വാജിവാഹനം’ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് പകരം ഉന്നതര്‍ കൈക്കലാക്കിയെന്നാണ് എസ്ഐടി കണ്ടെത്തല്‍. തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഈ വാജിവാഹനമാണെന്നാണ് സൂചന. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് ഈ വാജിവാഹനം തന്ത്രിക്ക് കൈമാറിയത്.
ജ്വല്ലറികളില്‍ നിന്ന് വരെ താന്‍ സ്വര്‍ണ്ണം സ്വരൂപിച്ചിട്ടുണ്ടെന്ന് എഎസ്പി കുറുപ്പ് സമ്മതിക്കുമ്പോള്‍, അന്ന് നടന്ന സ്വര്‍ണ്ണപ്പിരിവിന്റെയും വിനിയോഗത്തിന്റെയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാന്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമായിരിക്കുകയാണ്. പവിത്രമായ ശബരിമലയില്‍ ഭക്തര്‍ നല്‍കിയ പൊന്നിന്മേല്‍ കൈവെച്ച സ്രാവുകള്‍ ആരെല്ലാമെന്ന ആകാംക്ഷയിലാണ് കേരളം.
ശബരിമലയിലെ കൊടിമരക്കൊള്ളയുടെ വേരുകള്‍ 2011-ലേക്ക് നീളും. അന്നത്തെ സിപിഎം നിയന്ത്രണത്തിലുള്ള ബോര്‍ഡിന്റെ കാലത്ത്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. സതീഷ് കുമാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജനും ചേര്‍ന്ന് തന്ത്രിയുടെയോ ബോര്‍ഡിന്റെയോ അനുമതിയില്ലാതെ കൊടിമരത്തില്‍ ചായം പൂശുകയായിരുന്നു. ചൈതന്യലോപത്തിന് കാരണമായ ഈ നടപടിക്ക് പിന്നില്‍ തമിഴ്നാട്ടിലെ ഒരു വസ്തുവ്യാപാരിയായിരുന്നു സ്‌പോണ്‍സര്‍. ഇതിന് അന്നത്തെ ദേവസ്വം പ്രമുഖനും അയ്മനം രാജന്‍ എന്ന ഉദ്യോഗസ്ഥനും ഒത്താശ ചെയ്തതായാണ് സൂചന. അന്ന് വിജിലന്‍സ് ഈ കൊള്ള കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.