ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനവും അഷ്ടദിക് പാലകരും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ്; അളവില്‍ ഒരു തരത്തിലുള്ള കുറവും കണ്ടെത്താനായിട്ടില്ല; ശബരിമല കൊടിമരക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു; യുഡിഎഫ് കാലത്തെ ദേവസ്വം ബോര്‍ഡിന് ക്ലീന്‍ ചിറ്റ്; അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു; ഇനി തുടര്‍ നടപടികളുണ്ടാകില്ല

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഹൈക്കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിച്ച കോടതി, തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി കേസ് ക്ലോസ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി ആരോപണങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും കുറ്റവിമുക്തരായി.
കൊടിമര നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ലഭ്യമായ തെളിവുകള്‍ പ്രകാരം കേസെടുക്കാന്‍ സാധിക്കില്ലെന്നുമുള്ള വിജിലന്‍സ് നിലപാട് കോടതി ശരിവെച്ചു. ഇതോടെ യുഡിഎഫ് കാലത്തെ കൊടിമര നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ ഇല്ലെന്ന് ഉറപ്പായി. അതേസമയം, ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം തുടരുന്നത് സര്‍ക്കാരിന് രാഷ്ട്രീയമായി തിരിച്ചടിയാകുകയാണ്. ഹൈക്കോടതി അംഗീകരിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. സ്വര്‍ണ്ണക്കണക്കില്‍ വ്യക്തതയുണ്ട്. ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനന്‍, അഷ്ടദിക് പാലകര്‍ എന്നിവരുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തി. അളവില്‍ ഒരു തരത്തിലുള്ള കുറവും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.
സ്വര്‍ണ്ണം നല്‍കിയ പ്രശസ്ത നടന്മാര്‍ ഉള്‍പ്പെടെയുള്ള 23 പേരുടെ മൊഴികള്‍ ദേവസ്വം രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2017-ല്‍ കൊടിമരം മാറ്റിയത് 2014-ലെ ദേവപ്രശ്‌ന വിധി പ്രകാരമാണെന്നും ഇതില്‍ ദുരൂഹതകളില്ലെന്നും കോടതി ബോധ്യപ്പെട്ടു. കൊടിമരക്കേസില്‍ യുഡിഎഫ് കാലത്തെ ബോര്‍ഡിന് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ, ശബരിമലയില്‍ നിലവില്‍ അന്വേഷണം തുടരുന്ന സ്വര്‍ണ്ണക്കൊള്ളക്കേസ് കൂടുതല്‍ ചര്‍ച്ചയാവുകയാണ്. വിഗ്രഹങ്ങളിലും വാതിലുകളിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണം കടത്തിയെന്ന ഈ കേസില്‍ ഇടതു സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരും പ്രതികളാണ്. ഈ കേസിലെ അന്തിമ കുറ്റപത്രം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സമര്‍പ്പിക്കൂ എന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
യുഡിഎഫ് കാലത്തെ നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് കോടതി വിധിച്ചതോടെ, ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട് നടന്ന യഥാര്‍ത്ഥ കൊള്ളകള്‍ ഇടതു ഭരണകാലത്താണെന്ന ആരോപണങ്ങള്‍ക്ക് ഈ വിധി ശക്തി പകരുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാനെന്ന പേരില്‍ സ്വര്‍ണ്ണക്കൊള്ളക്കേസിലെ കുറ്റപത്രം തിരഞ്ഞെടുപ്പ് വരെ നീട്ടുന്നത് രാഷ്ട്രീയമായി വലിയ സംവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.