വെല്ലുവിളിയായ ‘ഡിജിറ്റല്‍ സൈലന്‍സിനെ’ മറി കടന്ന ദി ‘കാര്‍ത്തിക് ഇഫക്ട്’: സോഷ്യല്‍ മീഡിയയെ സമര്‍ത്ഥമായി ഉപയോഗിച്ചു; രാജ്യത്തെ എല്ലാ പോലീസുകാര്‍ക്കും സന്ദേശമെത്തിച്ചു; ഫോണില്ലാത്ത കരമനയിലെ 14കാരിയെ ഹൈദരാബാദില്‍ കണ്ടെത്തിയത് എങ്ങനെ? കേരളത്തിന് ആശ്വാസമേകി ആ വാര്‍ത്ത എത്തിയ കഥ

തിരുവനന്തപുരം: മൊബൈല്‍ ഫോണില്ലാതെ, യാതൊരു അടയാളങ്ങളും അവശേഷിപ്പിക്കാതെ നാടുവിട്ട 14-കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയത് കേരള പോലീസിന്റെ അത്യാധുനിക അന്വേഷണ മികവില്‍. സ്‌കൂള്‍ ടൂറിന് വിടാത്തതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ കരമന സ്വദേശിനിയെ കണ്ടെത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് നടത്തിയത് സമാനതകളില്ലാത്ത ശാസ്ത്രീയ നീക്കങ്ങളാണ്. തിരവനന്തപുരം കരമന എസ്.എച്ച്.ഒ: എസ്. അനൂപും സംഘവും ഒപ്പം ചേര്‍ന്നതോടെ പോലീസിന്റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായി.

സാധാരണയായി ഇത്തരം തിരോധാന കേസുകളില്‍ പ്രതികളെയോ ഇരകളെയോ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളാണ് പോലീസിനെ സഹായിക്കാറുള്ളത്. എന്നാല്‍ ഈ കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് വലിയ വെല്ലുവിളിയായി. ഇവിടെയാണ് കമ്മീഷണര്‍ കെ. കാര്‍ത്തിക് തന്റെ ‘സോഷ്യല്‍ മീഡിയ സ്ട്രാറ്റജി’ പുറത്തെടുത്തത്. ഒരു പ്രത്യേക സോഷ്യല്‍ മീഡിയ ടീമിനെ തന്നെ ഇതിനായി നിയോഗിച്ചു.

കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രാജ്യത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചതിനൊപ്പം ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിച്ചു. കരമന എസ്.എച്ച്.ഒ: അനൂപ് ഉറക്കമിളച്ച് തന്റെ സംഘാഗങ്ങള്‍ക്ക് കമ്മിഷണര്‍ കൈമാറിയ രഹസ്യ നിര്‍ദേശം കൈമാറി കൊണ്ടിരുന്നു. ഇങ്ങനെ അയച്ച ചിത്രം അടക്കമുള്ള പോലീസിന്റെ നോട്ടീസും കുട്ടിയെ തിരിച്ചറിയാന്‍ തുണയായി

കമ്മീഷണര്‍ കണക്കുകൂട്ടിയത് പോലെ തന്നെ കാര്യങ്ങള്‍ സംഭവിച്ചു. ഹൈദരാബാദിലെ ഒരു കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടി പിന്നീട് കടയില്‍ ജോലി തരാമോയെന്നു ചോദിച്ചു. പോലീസ് നോട്ടീസും മറ്റും കണ്ട കടക്കാരന് സംശയം തോന്നി. തുടര്‍ന്നു കുട്ടിയോടു കടയുടമ നാട്ടിലെ കോണ്‍ടാക്ട് നമ്പര്‍ ചോദിച്ചു. സൃഹൃത്തിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ കുട്ടി കൈമാറിയതോടെ കാര്യങ്ങള്‍ എളുപ്പമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്താക്കുറിപ്പിലെ ചിത്രം ശ്രദ്ധയില്‍പ്പെട്ടിരുന്ന നല്ലവനായ കടയുടമ വിവരം ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ ഒരു ഫോണ്‍ കോളാണ് മൂന്ന് ദിവസത്തെ പിരിമുറുക്കത്തിന് അന്ത്യമിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടി മാസ്‌ക് ധരിച്ച് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ മാത്രമായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്നത്.

അവിടുന്നങ്ങോട്ട് കുട്ടി സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴികളെല്ലാം കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു. മുന്‍പ് ഒളിച്ചോടിയ കേസുകളിലെല്ലാം ഫോണ്‍ സിഗ്നലുകള്‍ തുണച്ചിരുന്നെങ്കില്‍, ഇവിടെ പോലീസിന്റെ അതിവേഗത്തിലുള്ള ഏകോപനവും പൊതുജനങ്ങളുടെ സഹകരണവുമാണ് തുണയായത്. ഹൈദരാബാദിലെത്തിയ കേരള പോലീസിന്റെ പ്രത്യേക സംഘം കുട്ടിയെ ഏറ്റെടുത്തു കഴിഞ്ഞു. ആരോഗ്യനില തൃപ്തികരമായ ലക്ഷ്മിയെ നിയമനടപടികള്‍ക്ക് ശേഷം ഉടന്‍ തിരുവനന്തപുരത്ത് എത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.

2011 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കാര്‍ത്തിക് തികച്ചും കാര്യക്ഷമമായ അന്വേഷണ രീതികള്‍ക്കും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റാന്വേഷണ മികവിനും പേരുകേട്ട വ്യക്തിയാണ്. സങ്കീര്‍ണ്ണമായ പല കേസുകളും തെളിയിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പോലും ശാസ്ത്രീയമായ രീതികള്‍ അവലംബിച്ച് പ്രതികളെയും കാണാതാകുന്നവരെയും കണ്ടെത്താന്‍ അദ്ദേഹം കാണിക്കുന്ന വൈഭവം ശ്രദ്ധേയമാണ്.

തിരുവനന്തപുരം സിറ്റി കമ്മീഷണറാകുന്നതിന് മുന്‍പ് എറണാകുളം റൂറല്‍ എസ്.പി ആയി അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ‘ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്’ (ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി) പോലുള്ള പദ്ധതികള്‍ വലിയ വിജയമായിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പോലീസ് രീതികളെ അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെയും പൊതുജനങ്ങളുടെയും സഹായം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

കരമനയിലെ 14-കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയ കേസില്‍, സോഷ്യല്‍ മീഡിയ ടീമിനെ ഫലപ്രദമായി ഉപയോഗിച്ചതും രാജ്യവ്യാപകമായി വിവരങ്ങള്‍ എത്തിച്ചതും കാര്‍ത്തികിന്റെ മികവാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്ക് ഭീഷണിയായും സാധാരണക്കാര്‍ക്ക് ആശ്വാസമായും പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കെ. കാര്‍ത്തിക് ഐപിഎസ് അറിയപ്പെടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.