തിരുവനന്തപുരം: പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രിയങ്ക ഗാന്ധി കേക്ക് മുറിച്ച് കെ.സി വേണുഗോപാലിന് മധുരം നല്‍കുമ്പോള്‍, അതിനൊരു ജന്മദിന ആഘോഷത്തിന്റെ ലാഘവം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. തൊട്ടടുത്ത് ചിരിയോടെ രാഹുല്‍ ഗാന്ധിയും ചുറ്റും എംപിമാരും. ഡല്‍ഹിയിലെ ഈ ദൃശ്യം കേരള രാഷ്ട്രീയത്തിലേക്കുള്ള കൃത്യമായൊരു സന്ദേശമാണ്; ഹൈക്കമാന്‍ഡിന്റെ ഉച്ചഭാഷിണിയിലൂടെയുള്ള പ്രഖ്യാപനം. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ.സി വേണുഗോപാല്‍ തന്നെയാണെന്നും, യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി കസേരയില്‍ കെ.സി ഇരിക്കുമെന്നുമുള്ള വ്യക്തമായ സൂചനയാണ് ഗാന്ധി കുടുംബം ഈ ആഘോഷത്തിലൂടെ നല്‍കുന്നത്.
കെ.സി വേണുഗോപാലിന്റെ 63-ാം ജന്മദിനവും രാഷ്ട്രീയ ജീവിതത്തിലെ അമ്പതാം വാര്‍ഷികവും രാജ്യമെമ്പാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കിയപ്പോള്‍ അത് പാര്‍ട്ടിക്കുള്ളിലെ ശക്തിപ്രകടനമായി കൂടി മാറി. കെ.സിയ്ക്ക് ഗാന്ധി കുടുംബത്തിലുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പാര്‍ലമെന്റിലെ ആഘോഷം. പ്രിയങ്ക ഗാന്ധി നേരിട്ടാണ് കേക്ക് മുറിച്ച് കെ.സിക്ക് നല്‍കിയത്.
കെപിസിസിയിലും ചരിത്രം മാറി; സതീശനും ചെന്നിത്തലയും അണിനിരന്നു
മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്
സാധാരണ ഗതിയില്‍ കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ ജന്മദിനം ഇത്ര വിപുലമായി ആഘോഷിക്കാറില്ല. എന്നാല്‍ ഇത്തവണ പതിവുകള്‍ തെറ്റി. കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തു എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കേരളത്തിന്റെ ചുമതലയുള്ള സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രീ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ദീപാ ദാസ് മുന്‍ഷിയും എന്നിവരും പങ്കുചേര്‍ന്നതോടെ കെ.സിയുടെ നേതൃത്വത്തിനുള്ള പൂര്‍ണ്ണ അംഗീകാരമായി അത് മാറി.
അപ്രഖ്യാപിത മുഖ്യമന്ത്രി?
സംസ്ഥാനത്ത് നേതൃമാറ്റ ചര്‍ച്ചകളും ഗ്രൂപ്പ് സമവാക്യങ്ങളും സജീവമാകുമ്പോഴാണ് കെ.സിയുടെ ജന്മദിനം ഇത്രയേറെ ആഘോഷിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് കെ.സി തന്നെയാണെന്ന് രാഹുലും പ്രിയങ്കയും അടിവരയിടുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കെ.സിയായിരിക്കുമെന്നും, അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന്റെ ചോയ്‌സ് കെ.സി തന്നെയായിരിക്കുമെന്നുമുള്ള സന്ദേശമാണ് ഈ ‘വൈറല്‍’ ആഘോഷം നല്‍കുന്നത്.
50 വര്‍ഷങ്ങള്‍
രാഷ്ട്രീയത്തിനപ്പുറം കെ.സി വേണുഗോപാല്‍ എന്ന മനുഷ്യസ്നേഹിയുടെ മുഖം കൂടി വരച്ചു കാട്ടുന്ന തരത്തിലായിരുന്നു സംസ്ഥാനത്തുടനീളം നടന്ന ആഘോഷങ്ങള്‍. കെ.സി വേണുഗോപാല്‍ എംപിയുടെ ജന്മദിനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയത്. ഒരുതരത്തിലുള്ള നിര്‍ദ്ദേശമോ ആഹ്വാനമോ ഇല്ലാതെയാണ് പ്രവര്‍ത്തകര്‍ ഇത് ഏറ്റെടുത്തതെന്നും കെസി അനുകൂലികള്‍ പറയുന്നു.
മിക്കയിടത്തും ആശുപത്രികളിലും വയോജന പരിചരണ കേന്ദ്രങ്ങളിലും അനാഥമന്ദിരങ്ങളിലും തെരുവുകളിലും ഭക്ഷണവും മധുരവും വിതരണം ചെയ്തു. എല്ലാ ജില്ലകളിലും സൗജന്യ ഭക്ഷണ വിതരണവും മരുന്ന് വിതരണവും നടന്നു. പായസ വിതരണവും മധുര പലഹാര വിതരണവും വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.
പയ്യന്നൂരില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ അമരത്തേക്ക്
കണ്ണൂരിലെ പയ്യന്നൂര്‍ കണ്ടോന്താര്‍ ഗ്രാമത്തില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിന്റെ തിലകക്കുറിയായി മാറിയ കെ.സിയുടെ യാത്ര നാട്യങ്ങളില്ലാത്ത കര്‍മ്മധീരതയുടെ സാക്ഷ്യമാണ്. അഞ്ചു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ തപസ്യക്കിടയില്‍ ഗാന്ധിയനാശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, വര്‍ഗീയതയോട് സന്ധിയില്ലാതെ അദ്ദേഹം നിലകൊണ്ടു. സ്തുതി പാടകര്‍ക്ക് വഴങ്ങാത്ത, എന്നാല്‍ ആവലാധികളുമായി എത്തുന്നവരെ കേള്‍ക്കാന്‍ മടിയില്ലാത്ത നേതാവ്. ദൂരെ നിന്ന് കാണുന്നവര്‍ക്ക് അദ്ദേഹം പരുക്കനായിരിക്കാം, പക്ഷേ അടുത്തറിയുന്നവര്‍ക്ക് കെ.സി വാത്സല്യത്തിന്റെ കടലാണ്.
നാളിതുവരെ ഏറ്റെടുത്ത പദവികളിലെല്ലാം മികവ് തെളിയിച്ച കെ.സിയുടെ സംഘാടക ശേഷിയും ഭരണപാടവവും കേരളത്തിന് ഗുണകരമാവണമെന്ന ആഗ്രഹം കെസിയെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. അതിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടുന്നു എന്നതാണ് ഈ ജന്മദിനം നല്‍കുന്ന ഏറ്റവും വലിയ സൂചന.


ശബരിമല അന്വേഷണം രമേശ് ചെന്നിത്തലയിലേക്കോ? സ്വര്‍ണക്കൊള്ളക്കേസില്‍ അട്ടിമറി ആരോപണം പരിശോധിക്കും; ഡി മണിയെ ആരോപണത്തില്‍ കൊണ്ടു വന്നത് എന്തിന്?





