ശബരിമല അന്വേഷണം രമേശ് ചെന്നിത്തലയിലേക്കോ? സ്വര്‍ണക്കൊള്ളക്കേസില്‍ അട്ടിമറി ആരോപണം പരിശോധിക്കും; ഡി മണിയെ ആരോപണത്തില്‍ കൊണ്ടു വന്നത് എന്തിന്?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം രാഷ്ട്രീയ അട്ടിമറി ആരോപണങ്ങളിലേക്ക് നീങ്ങുന്നുവെന്ന് സൂചന. കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും വിഗ്രഹക്കടത്ത് നടന്നെന്നുമുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന സൂചനകള്‍ പുറത്തുവന്നതോടെ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പങ്കിനെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. രാഷ്ട്രീയ നേട്ടത്തിനായി കേസിനെ വഴിതിരിച്ചുവിടാന്‍ ഗൂഢാലോചന നടന്നോ എന്ന സംശയത്തിലാണ് അന്വേഷണം പുതിയ തലത്തിലെത്തുന്നത്.

കേസില്‍ ആരോപണവിധേയനായ ഡിണ്ടിഗല്‍ സ്വദേശി ഡി. മണിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്ന് എസ്.ഐ.ടി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട് മണിയെ പ്രതിക്കൂട്ടിലാക്കിയ പ്രവാസി വ്യവസായിയുടെ മൊഴികള്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം നല്‍കിയതാണെന്നാണ് നിലവിലെ വിലയിരുത്തല്‍. സാഹചര്യത്തെളിവുകളും മൊഴികളും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മൊഴി ആസൂത്രിതമാണെന്ന് തെളിഞ്ഞാല്‍ പ്രവാസി വ്യവസായിയെ പ്രതിയാക്കി കേസെടുക്കാനാണ് നീക്കം. ഇത് ചെന്നിത്തലയ്ക്കും വിനയാകും. ഡി മണിയെ കുറ്റവിമുക്തനാക്കിയെന്ന് എസ് ഐ ടി പറയുന്നുമില്ല. ഇപ്പോഴും മണിക്കെതിരെ സംശയമുണ്ട്.

രമേശ് ചെന്നിത്തല നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവാസി വ്യവസായിയെ എസ്.ഐ.ടി ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ വിദേശത്തേക്ക് കടത്തിയെന്നും ദുബായിലെ ഒരു സുല്‍ത്താന് കൈമാറിയെന്നുമുള്ള ചെന്നിത്തലയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഡി. മണിയും തമ്മില്‍ തിരുവനന്തപുരത്ത് വെച്ച് വിഗ്രഹ ഇടപാട് നടത്തിയെന്ന മൊഴിയും വ്യാജമാണെന്നും മണി പറയുന്നു. തമിഴ്നാട്ടില്‍ ആഴ്ചകളോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് എസ്.ഐ.ടി തെളിവൊന്നും ഇല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.

കേസിലെ നാലാം പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായ എസ്. ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, എ. പത്മകുമാര്‍, ഗോവര്‍ധന്‍ എന്നിവരെ ഇനിയും ചോദ്യം ചെയ്യും. പ്രതികള്‍ക്കിടയില്‍ വലിയ തോതിലുള്ള ഗൂഢാലോചന നടന്നതായും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.