തിരുവനന്തപുരം: കേരളാ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സതീഷ് ബിനോയും അജിതാ ബീഗവും. ഇരുവരും ഐജി പദവിയിലേക്ക് ഒരേസമയം എത്തി. ഇതോടെ കേരളാ പോലീസിലെ ആദ്യ ‘ഐജി ദമ്പതികള്‍’ എന്ന അപൂര്‍വ്വ നേട്ടവും ഈ പ്രണയജോഡികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. കോയമ്പത്തൂരുകാരിയാണ് അജിതാ ബീഗം. കന്യാകുമാരിയാണ് ബിനോയുടെ നാട്.ഇവരുടെ ഐപിഎസ് പ്രണയകഥ തുടങ്ങുന്നത് ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്നാണ്. 2008 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു തമിഴ്നാട് സ്വദേശിയായ സതീഷ് ബിനോ. അതേ ബാച്ചില്‍ അജിതാ ബീഗവും അക്കാദമിയിലെത്തി. പരിശീലന കാലയളവിലെ സൗഹൃദം പിന്നീട് ഗാഢമായ പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി. വെല്ലുവിളികള്‍ നിറഞ്ഞ ഔദ്യോഗിക ജീവിതത്തിനിടയിലും പരസ്പരം തണലായി നിന്നാണ് ഇരുവരും ഈ നേട്ടങ്ങള്‍ സ്വന്തമാക്കി.
ജോലിയിലെ കൃത്യനിഷ്ഠയും വ്യക്തിജീവിതത്തിലെ ഊഷ്മളതയും ഒരുപോലെ കൊണ്ടുപോകുന്ന ഈ ദമ്പതികള്‍ സിവില്‍ സര്‍വീസ് മോഹികള്‍ക്ക് എന്നും ഒരു മാതൃകയാണ്. ഒരേ യൂണിഫോമില്‍, ഒരേ പദവിയില്‍ കേരളാ പോലീസിന്റെ അമരത്ത് ഈ ദമ്പതികള്‍ ഇരിക്കുന്നത് കാഴ്ച്ചക്കാര്‍ക്കും ഒരു കൗതുകമാണ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിയായി സതീഷ് ബിനോ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഐപിഎസ് ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. മകന്‍ അര്‍ഹാന്‍ റയാന്‍ ബിനോയും മകള്‍ അര്‍ഷിത ബിനോയും
അജിതാ ബീഗത്തിന്റെ ഐപിഎസ് പ്രവേശനത്തിന് പിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുണ്ട്. അച്ഛന് നേരിടേണ്ടി വന്ന ഒരു ദുരവസ്ഥ നേരിട്ടു കണ്ടു അജിതാ ബീഗം. അന്ന് തീരുമാനിച്ചതായിരുന്നു പോലീസില്‍ ഐപിഎസുകാരിയാകണമെന്ന്. കഠിന പ്രയ്‌നത്തിലൂടെ അത് സാധ്യമാക്കി. 2008 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയുമായ അജിത ബീഗം എസ്, തമിഴ്നാട് സംസ്ഥാനത്തുനിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ മുസ്ലിം വനിതയാണ്. അജിതാ ബീഗം സുല്‍ത്താന്‍ എന്നാണ് മുഴുവന്‍ പേര്.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അജിത ജനിച്ചതും വളര്‍ന്നത്. പെണ്‍കുട്ടികളെ സ്‌കൂള്‍ പഠനത്തിന് ശേഷം ഉടന്‍ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന വളരെ യാഥാസ്ഥിതികമായ ഒരു ചുറ്റുപാടിലായിരുന്നു അവര്‍ വളര്‍ന്നത്. പതിവ് വഴികളിലൂടെ സഞ്ചരിക്കില്ലെന്ന് ഉറച്ചുതീരുമാനിച്ച അജിത ഉന്നതവിദ്യാഭ്യാസത്തിനായി മുന്നിട്ടിറങ്ങി. തന്റെ കുടുംബത്തിലെ ആദ്യത്തെ ബിരുദധാരിയായി അവര്‍ മാറി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, മാതാപിതാക്കളുടെ പിന്തുണയോടെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ അവര്‍, 2007-ല്‍ തന്റെ രണ്ടാം ശ്രമത്തില്‍ തന്നെ വിജയം കൈവരിച്ചു.
കൊമേഴ്സിലും ബിസിനസ് മാനേജ്മെന്റിലും ബിരുദവും, പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ അജിത, ജമ്മു കശ്മീരില്‍ എഎസ്പി, അഡീഷണല്‍ എസ്പി തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍, ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കേവലം ഒരു ഉദ്യോഗസ്ഥ എന്നതിലുപരി, കൃത്യമായ പ്ലാനിംഗിലൂടെയും വേഗത്തിലുള്ള നടപടികളിലൂടെയും പോലീസ് സേനയില്‍ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് അജിതാ ബീഗം. വയനാട് ജില്ലാ പോലീസ് മേധാവിയായിരിക്കെ, മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന മേഖലകളില്‍ ധീരമായ നേതൃത്വം നല്‍കി. വനാതിര്‍ത്തികളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ആദിവാസി ഊരുകളില്‍ പോലീസിനോടുള്ള വിശ്വാസം വളര്‍ത്താനും അവര്‍ക്കായി.
തെളിവുകളില്ലാത്ത പല കേസുകളിലും ശാസ്ത്രീയ അന്വേഷണ രീതികള്‍ കൊണ്ടുവന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുന്ന സംവിധാനങ്ങള്‍ പലയിടത്തും നടപ്പിലാക്കി. തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചു. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയുള്ള ‘ഓപ്പറേഷന്‍ കാവല്‍’ പോലുള്ള പദ്ധതികള്‍ കര്‍ശനമായി നടപ്പിലാക്കി.
ഭര്‍ത്താവ് സതീഷ് ബിനോയുമായി ചേര്‍ന്ന് പലപ്പോഴും ഇരുവരും ഒരേ ജില്ലകളിലോ തൊട്ടടുത്ത ജില്ലകളിലോ ജോലി ചെയ്തിട്ടുണ്ട്. കന്യാകുമാരിക്കരനാണ് സതീഷ് ബിനോ. സതീഷ് ബിനോ പത്തനംതിട്ട എസ്പിയായിരിക്കെ അജിത കൊല്ലം എസ്പിയായിരുന്നു. ഇരുവരും ചേര്‍ന്ന് അന്തര്‍ജില്ലാ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടത്തിയ ഏകോപനം പോലീസ് വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മണ്ഡല പുനര്‍നിര്‍ണ്ണയം: കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ബിജെപി; തിരുവനന്തപുരത്ത് മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍?





