പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം അവഹേളിച്ച ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് യു-വിനെ (ഉമേഷ് വള്ളിക്കുന്ന്) സര്‍വീസില്‍ നിന്ന് കേരളാ പോലീസ് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദിന്റേതാണ് നടപടി. തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളും സേനയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റദൂഷ്യവും കണക്കിലെടുത്താണ് പത്തനംതിട്ട എസ്പി ഉത്തരവിറക്കിയത്.
പോലീസ് സേനയില്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട സോഷ്യല്‍ മീഡിയ പെരുമാറ്റച്ചട്ടം ഉമേഷ് ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ നല്കിയ മെമ്മോയും അതിന് നല്കിയ ധിക്കാരപരമായ മറുപടിയും ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചതിലൂടെ അതിഗുരുതരമായ അച്ചടക്കലംഘനമാണ് ഇയാള്‍ നടത്തിയതെന്ന് ഉത്തരവില്‍ പറയുന്നു. ഉമേഷിന്റെ സേവനപുസ്തകം പരിശോധിച്ചപ്പോള്‍ എട്ടെണ്ണം സമൂഹമാധ്യമങ്ങളിലെ ആക്ഷേപകരമായ ഇടപെടലുകള്‍ ഉള്‍പ്പെടെ ആകെ 11 വകുപ്പുതല അന്വേഷണങ്ങളാണ് ഇയാള്‍ക്കെതിരെ നടന്നിട്ടുള്ളത്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കുട പിടിച്ചുകൊടുത്ത പോലീസുകാരെ ‘കിങ്കരന്മാര്’ എന്ന് വിളിച്ച് ആക്ഷേപിച്ചതിന് 2017-ല്‍ ഇയാള്‍ക്കെതിരെ ബ്ലാക്ക് മാര്‍ക്ക് നല്‍കിയിരുന്നു. ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിനും സര്‍ക്കാരിന്റെ യുഎപിഎ നടപടികളെ സിനിമാ രംഗങ്ങള്‍ ഉപയോഗിച്ച് പരിഹസിച്ചതിനും നേരത്തെ വാര്‍ഷിക വേതന വര്‍ദ്ധനവ് തടയല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഉമേഷിന് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചതുമായി ബന്ധപ്പെട്ട പരാതിയിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരുന്നു.
പോലീസ് വകുപ്പ് വിതരണം ചെയ്ത ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തെയും ശമ്പള പരിഷ്കരണത്തെയും പൊതുമധ്യത്തില്‍ പരിഹസിച്ച ഇയാള്‍ അന്വേഷണത്തോട് സഹകരിക്കാനും തയ്യാറായില്ല. ശമ്പളം ലഭിക്കാത്തതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാത്തതെന്ന ഉമേഷിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് രേഖകള്‍ സഹിതം എസ്പി ഉത്തരവില്‍ വ്യക്തമാക്കി.
നിയമപരമായ അന്വേഷണത്തെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാന്‍ ശ്രമിച്ചത് ഭരണഘടനയുടെ 33-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഇത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുത്തലുകള്‍ക്ക് വിധേയനാകാതെ സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ തുടരുന്ന ഇയാള്‍ ‘പെരുമാറ്റദൂഷ്യം’ ഉള്ളയാളാണെന്നും അതിനാല്‍ ഉമേഷിനെ പുറത്താക്കുകയാണെന്നും ഉത്തരവില്‍ വിശദീകരിക്കുന്നു. അതേസമയം, വിധിക്കെതിരെ 60 ദിവസത്തിനുള്ളില്‍ ഇയാള്‍ക്ക് അപ്പീല്‍ നല്കാന് അവസരമുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രേഖകളില്ലാത്ത സ്വർണ്ണപ്പൂശൽ: ശബരിമല കേസിൽ സർക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി
മാങ്ങാട്ടുകടവില്‍ ‘മീന്‍ കച്ചവടത്തിന്റെ’ മറവില്‍ ലഹരി മാഫിയ; സി.പി.എം നേതാവിന്റെ വീട് തകര്‍ത്തതിന് പിന്നില്‍ പാലത്തിന് സമീപത്തെ ഗുണ്ടാസംഘം? പിന്നില്‍ കഞ്ചാവും എം.ഡി.എം.എയും ഒഴുകുന്ന മാഫിയാ സംഘം; മലയിന്‍കീഴ് പെരുകാവില്‍ സംഭവിച്ചത്





