തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന പ്രധാന പ്രചാരണ വിഷയമാക്കാനാണ് സിപിഎം നീക്കം.
ഇതിന്റെ ആദ്യപടിയായി അണ് പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന കടുത്ത നിബന്ധനകള്‍ കേരളത്തോടുള്ള ഇരട്ടനീതിയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആഞ്ഞടിച്ചു. കേരളത്തിലെ പ്രതിപക്ഷവും വിഴിഞ്ഞം ആയുധമാക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ വാക്കു പാലിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറയുന്നത്. ഇതോടെ വിഴിഞ്ഞം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്ന് ഉറപ്പായി. വിഴിഞ്ഞം രണ്ടാം ഘട്ട ഉദ്ഘാടനത്തിന് സതീശന് പങ്കെടുത്തു. എന്നാല്‍ വിമര്‍ശനമാണ് ഉന്നയിച്ചത്.
രാജ്യത്തെ മറ്റ് വന്‍കിട പദ്ധതികള്ക്കൊന്നുമില്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞത്തിനായി കേന്ദ്രം നല്കുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഗ്രാന്റായിട്ടല്ല, മറിച്ച് പലിശ സഹിതം തിരിച്ചടയ്ക്കേണ്ട വായ്പയായി കണക്കാക്കണമെന്ന വിചിത്രമായ ഉപാധിയാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് 1411 കോടി രൂപ തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റായി നല്കിയ കേന്ദ്രം കേരളത്തോട് മാത്രം വിവേചനം കാണിക്കുന്നു.
തുറമുഖത്തിന് ലാഭം കിട്ടിത്തുടങ്ങുമ്പോള്‍ മുതല്‍ ഈ തുക തിരിച്ചടച്ചു തുടങ്ങണം. പലിശയും വരുമാന വിഹിതവും ചേരുമ്പോള്‍ 817 കോടിക്ക് പകരം ഏകദേശം 12,000 കോടി രൂപ കേരളം കേന്ദ്രത്തിന് നല്‍കേണ്ടി വരും. തുച്ഛമായ തുക നല്കി അതിന്റെ പത്തിരട്ടിയിലധികം തിരിച്ചുപിടിക്കാനുള്ള നീക്കം കേരളത്തെ കടക്കെണിയിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് കപ്പലുകള്‍ എത്തിയതോടെ ജിഎസ്ടി ഇനത്തില്‍ മാത്രം 182 കോടി രൂപ കേന്ദ്രത്തിന് ഇതിനകം ലഭിച്ചുകഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 6000 കോടി രൂപയോളം കേന്ദ്ര ഖജനാവിലേക്ക് ഈ തുറമുഖം വഴി എത്തും. ഇത്രയും വലിയ വരുമാനം ഉറപ്പായിട്ടും സംസ്ഥാനത്തിന് നല്‍കേണ്ട വിഹിതം വായ്പയാക്കി മാറ്റുന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. വിഴിഞ്ഞം പദ്ധതിയുടെ യഥാര്‍ത്ഥ ശില്പികള് കേരളത്തിലെ ജനങ്ങളും ഇവിടുത്തെ സര്‍ക്കാരുമാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.
വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, കേന്ദ്രം കേരളത്തെ എങ്ങനെയെല്ലാം ദ്രോഹിക്കുന്നു എന്ന് ജനങ്ങളിലെത്തിക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. വികസന നേട്ടങ്ങള്‍ക്കൊപ്പം കേന്ദ്ര വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.


പാങ്ങോട് സൈനിക ക്യാമ്പിൽ വൻ സുരക്ഷാവീഴ്ച; രണ്ടുകോടിയുടെ ആനക്കൊമ്പുകൾ കടത്തി! പോലീസ് അന്വേഷണം ആരംഭിച്ചു
മൂന്നാമത്തെ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹോട്ടല്‍ മുറി വളഞ്ഞ് പോലീസ് പൊക്കി; അര്‍ദ്ധരാത്രിയില്‍ നാടകീയ നീക്കം, ഒടുവില്‍ പാലക്കാട്ടെ എംഎല്‍എ അറസ്റ്റില്‍





