തിരുവനന്തപുരം: സംസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളിലൊന്നായ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബിൽ പ്രദർശിപ്പിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് കാണാതായത്. 1929-ൽ അന്നത്തെ തിരുവിതാംകൂർ ഭരണകൂടം സൈന്യത്തിന് ഉപഹാരമായി നൽകിയവയായിരുന്നു ഇവ. സംഭവത്തിൽ പൂജപ്പുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാത്രി ക്യാമ്പിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിന് ശേഷമാണ് ആനക്കൊമ്പുകൾ നഷ്ടപ്പെട്ടതെന്നാണ് നിഗമനം. ഈ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണങ്ങൾക്കുമായി പുറത്തുനിന്നുള്ള 18 പേർ ക്യാമ്പിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ മടങ്ങിയതിന് ശേഷമാണ് ഓഫീസേഴ്സ് ക്ലബിലെ ആനക്കൊമ്പുകൾ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
അതീവ സുരക്ഷയുള്ള പ്രദേശത്ത് നടന്ന മോഷണമായതിനാൽ പൊലീസിന് പുറമെ മിലിട്ടറി ഇന്റലിജൻസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ക്യാമ്പിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പുറത്തുനിന്ന് വന്നവരുടെ വിവരങ്ങൾ സൈന്യം പൊലീസിന് കൈമാറിയിട്ടുണ്ട്. സൈനിക വൃത്തങ്ങൾ ഡിജിപിക്ക് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൈനിക ക്യാമ്പിലെ സ്‌ട്രോംഗ് റൂമുകളിൽ വന്യമൃഗങ്ങളുടെ കൊമ്പുകളും പുരാവസ്തുക്കളും സൂക്ഷിക്കാറുള്ളതാണ്. അതീവ സുരക്ഷാ വലയത്തിനുള്ളിൽ നിന്ന് ഇവ എങ്ങനെ കടത്തിക്കൊണ്ടുപോയി എന്നത് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നുണ്ട്.


കുറ്റപത്രം ഇനിയും വൈകും; എല്ലാ പ്രതികളും സ്വാഭാവിക ജാമ്യത്തിന് അര്‍ഹരാകും; നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം കുറ്റപത്രമോ? ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: ദുരൂഹത നീങ്ങുന്നില്ല; ശാസ്ത്രീയ പരിശോധന വീണ്ടും നടത്താന്‍ എസ്ഐടി
കേരളത്തിൽ വൈദ്യുതി നിയന്ത്രണം വരുന്നു; പീക്ക് സമയങ്ങളിൽ അരമണിക്കൂർ വരെ പവർകട്ട്





