കുറ്റപത്രം ഇനിയും വൈകും; എല്ലാ പ്രതികളും സ്വാഭാവിക ജാമ്യത്തിന് അര്‍ഹരാകും; നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രം കുറ്റപത്രമോ? ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: ദുരൂഹത നീങ്ങുന്നില്ല; ശാസ്ത്രീയ പരിശോധന വീണ്ടും നടത്താന്‍ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍, സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതോടെ ഉടനൊന്നും കേസില്‍ കുറ്റപത്രം നല്‍കില്ലെന്ന് ഉറപ്പായി. അതായത് കേസിലെ എല്ലാ പ്രതികള്‍ക്കും അറസ്റ്റിലായി 90 ദിവസം കഴിയുമ്പോള്‍ സ്വാഭാവിക ജാമ്യം കിട്ടും.
വിഎസ് എസ് സി നടത്തിയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നെങ്കിലും, പഴയ പാളികള്‍ പൂര്‍ണ്ണമായി മാറ്റി പുതിയവ സ്ഥാപിച്ചോ എന്ന നിര്‍ണ്ണായക ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. 1998-ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണ്ണം പൊതിയാന്‍ മെര്‍ക്കുറി ഉപയോഗിച്ചിരുന്നുവെങ്കിലും നിലവിലെ ചില പാളികളില്‍ ഇതിന്റെ അംശം കണ്ടെത്താനാകാത്തതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. മെര്‍ക്കുറി ഇല്ലാത്തതു കൊണ്ടു തന്നെ ഇത് പുതിയ പാളിയാകാന്‍ സാധ്യത ഏറെയാണ് അത്രേ. പക്ഷേ പരിശോധന നീളുമ്പോള്‍ പ്രതികള്‍ക്കെല്ലാം ജയില്‍ മോചനം സാധ്യമാകും.
സ്‌ട്രോങ്ങ് റൂമിലെ പഴയ വാതിലില്‍ നിന്നുള്ള സാമ്പിളുകളുമായി താരതമ്യ പഠനം നടത്തിയിട്ടും ചെമ്പ് പാളികള്‍ മാറ്റിയോ എന്നതില്‍ വ്യക്തത വരാത്തതിനാല്‍, ആധുനിക സൗകര്യങ്ങളുള്ള മറ്റൊരു ലാബിലേക്ക് സാമ്പിളുകള്‍ അയക്കാനാണ് നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ ഈ പരിശോധന അനിവാര്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു.
നഷ്ടമായ സ്വര്‍ണ്ണത്തിന്റെ ഏകദേശ കണക്കും തുടര്‍ പരിശോധനയുടെ ആവശ്യകതയും വ്യക്തമാക്കി എസ്‌ഐടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത ആഴ്ച മാസപൂജയ്ക്കായി നട തുറക്കുമ്പോള്‍ പുതിയ സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതിയുടെ നിലപാട് നിര്‍ണ്ണായകവുമാകും. കുറ്റപത്രം വൈകിപ്പിക്കുന്നത് കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം സാധ്യത സൃഷ്ടിക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് അന്വേഷണ സംഘത്തിന് അനുകൂലമാണ്. അതുകൊണ്ട് പ്രതിസന്ധിയുമില്ല.
കുറ്റപത്രം നല്‍കിയാല്‍ അത് പ്രതികള്‍ക്ക് തിരിച്ചടിയാകും. എല്ലാ പ്രതികളേയും അറസ്റ്റു ചെയ്യേണ്ടി വരും. പ്രതികളുടെ മൊഴിയും പുറത്താകും. ഈ സാഹചര്യത്തില്‍ കൂടിയാണ് കുറ്റപത്രം വൈകിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.