തൃക്കാക്കരയില്‍ ഉമാ തോമസ് തന്നെ; സ്ഥാനാര്‍ത്ഥി മോഹികളുടെ പരാതി ഹൈക്കമാന്‍ഡ് തള്ളും; വികസന മുരടിപ്പ് ആരോപണം വെറും രാഷ്ട്രീയ അടവ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ ഉയരുന്ന പരാതികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ സ്ഥാനാര്‍ത്ഥി മോഹികളാണെന്ന് വിലയിരുത്തലില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്.
മണ്ഡലത്തിലെ വികസന മുരടിപ്പും എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ വീഴ്ചയും ആരോപിച്ച് എഐസിസിക്ക് ലഭിച്ച പരാതികള്‍ ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ തൃക്കാക്കരയുടെ മനസ്സ് ഇപ്പോഴും ഉമാ തോമസിനൊപ്പമാണെന്നും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് താല്പര്യങ്ങളാണ് പരാതിക്ക് പിന്നിലെന്നും നേതൃത്വം കരുതുന്നു.
ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കുക എന്ന തീരുമാനത്തില്‍ എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയും കെപിസിസിയും ഉറച്ചുനില്‍ക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിക്ക് ലഭിച്ച പരാതികളില്‍ കെപിസിസിയോട് റിപ്പോര്‍ട്ട് തേടുന്നത് പാര്‍ട്ടിക്കുള്ളിലെ സ്വാഭാവിക നടപടി മാത്രമാണ്.
മണ്ഡലത്തില്‍ സജീവമല്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടുപോയി എന്നുമുള്ള ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് മോഹിക്കുന്നവരുടെ തന്ത്രമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. പിടി തോമസിന്റെ വിയോഗത്തെത്തുടര്‍ന്നുണ്ടായ വൈകാരിക തരംഗത്തിന് പുറമെ, കൃത്യമായ രാഷ്ട്രീയ അടിത്തറയുള്ള നേതാവ് എന്ന നിലയിലാണ് ഉമയെ പാര്‍ട്ടി കാണുന്നത്.
എംഎല്‍എ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകള്‍ നിരത്തി എംഎല്‍എയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നില്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കളാണെന്ന സംശയവും ശക്തമാണ്. എന്നാല്‍, സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തവണയും അവസരം നല്‍കാന്‍ തീരുമാനിച്ചതോടെ ഉമാ തോമസിന്റെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി.
ഗ്രൂപ്പ് വൈരാഗ്യം തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ കടുത്ത അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.