സി.പി.എമ്മില്‍ ‘ജി.എസ്’ പ്രതിസന്ധി; പിണറായിസത്തെ വെല്ലുവിളിച്ച് സുധാകരന്‍ രണ്ടാമത്തെ വി.എസ് ആകുമോ?

ആലപ്പുഴ: കേരള സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി കുട്ടനാടന്‍ കരുത്തിന്റെ പടയൊരുക്കം. പാര്‍ട്ടിക്കുള്ളിലെ ഏകാധിപത്യത്തിനും ‘മരുമോന്‍’ വാഴ്ചയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ രംഗത്തെത്തുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യമാണ് ജി.എസ്. മറ്റൊരു വി.എസ്. ആകുമോ? പിണറായിസത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ അഴിമതിയും സ്വജനപക്ഷപാതിത്വവും കൊടികുത്തി വാഴുമ്പോള്‍, ഭയമില്ലാതെ പ്രതികരിക്കുന്ന സുധാകരന്റെ നീക്കങ്ങള്‍ സി.പി.എമ്മിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
സുധാകരനെ തണുപ്പിക്കാന്‍ പി.ബി. അംഗം എം.എ. ബേബി നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന കര്‍ക്കശ നിലപാടിലാണ് ജി.എസ്. ഇതോടെയാണ് പാര്‍ട്ടി പുതിയൊരു തന്ത്രം മെനയുന്നത്. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലുള്ള സുധാകരന്റെ അടുത്ത ബന്ധു വഴി അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് നിലവില്‍ നീക്കം നടക്കുന്നത്. കുടുംബബന്ധങ്ങള്‍ ഉപയോഗിച്ച് സുധാകരന്റെ രോഷം തണുപ്പിക്കാമെന്നും, പരസ്യ പ്രതികരണങ്ങളില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. എന്നാല്‍, സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തിന്റെ കരുത്തുള്ള സുധാകരന്‍ ഇത്തരമൊരു ‘സെന്റിമെന്റല്‍’ നീക്കത്തിന് വഴങ്ങുമോ എന്നത് കണ്ടറിയണം.
ഇന്നോവ കാറുകളെയും അര്‍ദ്ധരാത്രിയിലെ ഭീഷണികളെയും പേടിച്ച് പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ‘മിണ്ടാതിരിക്കുമ്പോഴാണ് സുധാകരന്‍ പരസ്യമായി വെല്ലുവിളി ഉയര്‍ത്തുന്നത്. എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും വെട്ടിത്തെളിച്ച വിമതപാതയില്‍ വീഴാതെ, പാര്‍ട്ടിക്കകത്ത് നിന്നുതന്നെ തിരുത്തല്‍ ശക്തിയാകാനാണ് ജി.എസിന്റെ ശ്രമം. അഴിമതി ബ്രാഞ്ച് തലം മുതല്‍ മുകള്‍ത്തട്ട് വരെ എത്തിയെന്നും, യുവനേതാക്കളെ ഒതുക്കി കുടുംബവാഴ്ച നടത്തുന്നുവെന്നുമുള്ള സുധാകരന്റെ ആക്ഷേപങ്ങള്‍ അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദന്‍ പണ്ട് സാധാരണക്കാരുടെ ശബ്ദമായി മാറിയതുപോലെ, ആലപ്പുഴയിലെയും കൊല്ലത്തെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ സുധാകരന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. മൂന്നാറില്‍ എസ്. രാജേന്ദ്രനും പാലക്കാട്ട് പി.കെ. ശശിയും ഉയര്‍ത്തിയ പടലപ്പിണക്കങ്ങള്‍ പോലെയല്ല ജി. സുധാകരന്റെ നീക്കം. മികച്ച പ്രതിച്ഛായയും ഭരണമികവുമുള്ള ഒരു മുതിര്‍ന്ന നേതാവ് കലാപക്കൊടി ഉയര്‍ത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കുന്നതാണ്. പ്രായവും ടേമും പറഞ്ഞ് തന്നെ ഒതുക്കിയവര്‍ക്കെതിരെ സുധാകരന്‍ നടത്തുന്ന ഈ  പോരാട്ടം ഒരു വന്‍ ശുദ്ധികലശമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
സുധാകരന്റെ അടുത്ത ബന്ധുവായ ജി. വേണുഗോപാല്‍ നിലവില്‍ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പാര്‍ട്ടിക്കും ജി.എസിനും ഇടയിലുള്ള ഏക വിശ്വസ്ത കണ്ണിയായി വേണുഗോപാലിനെയാണ് നേതൃത്വം കാണുന്നത്. കുടുംബ യോഗങ്ങളിലൂടെയും വ്യക്തിപരമായ കൂടിക്കാഴ്ചകളിലൂടെയും സുധാകരനെ തണുപ്പിക്കാന്‍ വേണുഗോപാലിന് മേല്‍ പാര്‍ട്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത സുധാകരന്‍ തന്റെ ബന്ധുവിനെപ്പോലും പ്രതിരോധത്തിലാക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നത്.
 ആലപ്പുഴയില്‍ മാത്രമല്ല, അയല്‍ജില്ലയായ കൊല്ലത്തെ പാര്‍ട്ടി കേഡറുകള്‍ക്കിടയിലും സുധാകരന് വലിയ സ്വാധീനമുണ്ട്. തന്റെ ഔദ്യോഗിക പദവികള്‍ ഒഴിഞ്ഞിട്ടും ഈ രണ്ട് ജില്ലകളിലെയും പഴയകാല പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ നേതാക്കളും സുധാകരനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പാര്‍ട്ടിയില്‍ പിണറായി വിജയന്റെ കുടുംബാംഗങ്ങള്‍ക്കും വിശ്വസ്തര്‍ക്കും ലഭിക്കുന്ന അമിത പ്രാധാന്യത്തിനെതിരെ അദ്ദേഹം ഉന്നയിക്കുന്ന ‘സോഷ്യലിസ്റ്റ് വിരുദ്ധത’ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രായപരിധി പറഞ്ഞ് തന്നെ പുറത്തിരുത്തിയവര്‍, ചിലര്‍ക്ക് മാത്രം ഇളവ് നല്‍കുന്നതിലെ ഇരട്ടത്താപ്പ് സുധാകരന്‍ ഓരോ പൊതുവേദിയിലും പരോക്ഷമായി ഉന്നയിക്കുന്നു.
പി.കെ. ശശിയുമായുള്ള താരതമ്യം: പാലക്കാട്ടെ പി.കെ. ശശി ഒരു ‘വിമത ഗ്രൂപ്പ്’ ഉണ്ടാക്കിയാണ് പൊരുതുന്നതെങ്കില്‍, സുധാകരന്‍ വ്യക്തിപരമായ ധാര്‍മ്മികതയും ‘ശുദ്ധമായ കമ്മ്യൂണിസവും’ ഉയര്‍ത്തിപ്പിടിച്ചാണ് പൊരുതുന്നത്. ഇത് പാര്‍ട്ടിയുടെ സൈദ്ധാന്തിക അടിത്തറയില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തല്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.