ആലപ്പുഴ: സി.പി.എമ്മും മുതിര്‍ന്ന നേതാവ് ജി. സുധാകരനും തമ്മിലുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം മുറിച്ചുമാറ്റപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ജില്ലയില്‍ എത്തിയിട്ടും തന്നെ നേരില്‍ കാണാനോ അനുനയിപ്പിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകാതിരുന്നത് സുധാകരന്‍ പക്ഷത്തെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കടുപ്പമേറിയ നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ, പാര്‍ട്ടിയുമായുള്ള വിട്ടുവീഴ്ചയുടെ എല്ലാ വാതിലുകളും അടഞ്ഞ മട്ടാണ്.
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനായി ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രി, പുന്നപ്രയില്‍ ഹെലികോപ്റ്ററിറങ്ങിയിട്ടും തൊട്ടടുത്ത് വിശ്രമത്തിലായിരുന്ന സുധാകരനെ കാണാന്‍ കൂട്ടാക്കിയില്ല. ഇത് സുധാകരനെ രാഷ്ട്രീയമായി ഒതുക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമായാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കാണുന്നത്. സുധാകരന്റെ പേജില്‍ പാലം ഉദ്ഘാടനത്തിന്റെ ലൈവ് വന്നത് മഞ്ഞുരുകലിന്റെ ലക്ഷണമായി കരുതപ്പെട്ടെങ്കിലും നിമിഷങ്ങള്‍ക്കകം അത് നീക്കം ചെയ്തു. തന്റെ അനുമതിയില്ലാതെ പാര്‍ട്ടി ഓഫീസ് അഡ്മിന്‍ ചെയ്ത പണിയാണിതെന്ന് സുധാകരന്‍ തുറന്നടിച്ചു.
ഈ മാസം 31-നകം പാര്‍ട്ടി അംഗത്വം പുതുക്കിയില്ലെങ്കില്‍ സുധാകരന്‍ ഔദ്യോഗികമായി പുറത്താകും. നിലവിലെ സാഹചര്യത്തില്‍ അംഗത്വം പുതുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് അദ്ദേഹം. അതിന് ശേഷം പരസ്യ പ്രതികരണത്തിലേക്ക് കടക്കും. തന്നെ അപമാനിച്ചവര്‍ക്ക് തിരഞ്ഞെടുപ്പ് ഗോദയില്‍ മറുപടി നല്‍കാനാണ് സുധാകരന്റെ തീരുമാനം. അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സുധാകരനെ പിന്തുണച്ച് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മാറ്റിനിര്‍ത്തുന്നത് യു.ഡി.എഫിന്റെ തന്ത്രപരമായ നീക്കമാണ്.
തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സുധാകരന്‍ ചിലരോട് വ്യക്തമാക്കിയിട്ടുണ്ട്. എച്ച്. സലാം എം.എല്‍.എയുടെ പരാതിയും തന്നെ പരസ്യമായി ശാസിച്ചതും സുധാകരന്‍ ഇപ്പോഴും മറന്നിട്ടില്ല. പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെ സുധാകരന്‍ കൂടി പടിയിറങ്ങുന്നത് ആലപ്പുഴയിലെ ഇടതുമുന്നണിയുടെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനാല്‍ സുധാകരനെ പുറത്താക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകും.
എം.വി. ഗോവിന്ദന്‍, എം.എ. ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അംഗത്വം പുതുക്കാന്‍ സുധാകരന്‍ തയ്യാറാകില്ലെന്നാണ് സൂചന. തന്നെ രാഷ്ട്രീയമായി ഒതുക്കാന്‍ ശ്രമിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ സുധാകരന്‍ ആലോചിക്കുന്നുവെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശശി തരൂര്‍ മത്സരിക്കില്ല; അനന്തപുരിയില്‍ ചാണക്യതന്ത്രവുമായി യു.ഡി.എഫ്: മുരളി ‘സ്റ്റാര്‍’; തിരുവനന്തപുരം സിപി ജോണിന് തന്നെ; നേമത്ത് വൈഷ്ണാ സുരേഷ് അട്ടിമറി നടത്തുമോ? മുട്ടടയിലെ വിസ്മയം നേമത്ത് വീണ്ടും ആവര്‍ത്തിക്കുമോ?





