ഇറാനില്‍ വീണ അമേരിക്കന്‍ കേണലിനെ മോചിപ്പിച്ചത് സിഐഎയുടെ തന്ത്രം; ശത്രുസൈന്യത്തെ വട്ടം കറക്കിയ മിന്നല്‍ ഓപ്പറേഷന്‍; ‘വി ഗോട്ട് ഹിം’ എന്ന് ട്രംപ്; ആ വൈമാനികനെ രക്ഷപ്പെടുത്തിയത് അത്ഭുതം

വാഷിംഗ്ടണ്‍: ഇറാന്‍ സൈന്യം വെടിവെച്ചിട്ട അമേരിക്കന്‍ എഫ്-15ഇ യുദ്ധവിമാനത്തിലെ രണ്ടാമത്തെ വൈമാനികനെയും അതീവ നാടകീയമായ ദൗത്യത്തിലൂടെ അമേരിക്കന്‍ സൈന്യം മോചിപ്പിച്ചു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഇറാനുളളില്‍ നടത്തിയ തന്ത്രപരമായ നീക്കമാണ്  ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നിലെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശത്രുരാജ്യത്തിന്റെ ഉള്ളില്‍ കിലോമീറ്ററുകളോളം കടന്നുചെന്ന് നടത്തിയ ഈ ദൗത്യം ‘അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ ഒന്ന്’ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ‘വി ഗോട്ട് ഹിം!’ എന്ന വിഖ്യാത വാചകത്തോടെയാണ് അദ്ദേഹം കേണലിന്റെ മോചനവാര്‍ത്ത ലോകത്തെ അറിയിച്ചത്. രണ്ടാമത്തെ വൈമാനികനായ കേണലിനെ കണ്ടെത്താന്‍ ഇറാന്‍ സൈന്യം മലനിരകളില്‍ വലവിരിക്കുന്നതിനിടെയാണ് സിഐഎ അവരുടെ കൗശലം പുറത്തെടുത്തത്. അമേരിക്കന്‍ സൈന്യം കേണലിനെ കണ്ടെത്തിയെന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും ഇറാന്റെ ഉള്ളില്‍ സിഐഎ ഏജന്റുകള്‍ തെറ്റായ പ്രചാരണം നടത്തി. ഇത് വിശ്വസിച്ച ഇറാന്‍ സൈന്യം തെറ്റായ ദിശയിലേക്ക് നീങ്ങിയ സമയം നോക്കിയാണ് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് കേണല്‍ ഒളിച്ചിരുന്ന മലനിരകളില്‍ ഇറങ്ങിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനം വെടിവെച്ചിട്ടതിന് പിന്നാലെ കേണല്‍ പാരച്യൂട്ടില്‍ ഇറാനിലെ ഖുസെസ്ഥാന്‍ മലനിരകളിലാണ് ലാന്‍ഡ് ചെയ്തത്. അദ്ദേഹത്തെ പിടികൂടാന്‍ 60,000 ഡോളര്‍ പാരിതോഷികം മോഹിച്ച് പ്രദേശവാസികളായ ബക്തിയാരി ഗോത്രവര്‍ഗ്ഗക്കാരും ഐആര്‍ജിസി സൈന്യവും തോക്കുകളുമായി മലനിരകളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പ്രത്യേക സൈനിക പരിശീലനമായ എസ്ഇആര്‍ഇ  പ്രകാരം ഉയര്‍ന്ന പ്രദേശത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന കേണല്‍, എമര്‍ജന്‍സി ബീക്കണ്‍ വഴി അമേരിക്കന്‍ കമാന്‍ഡോകള്‍ക്ക് വിവരം കൈമാറുകയായിരുന്നു.
രക്ഷാദൗത്യത്തിനിടെ ഐആര്‍ജിസി സൈന്യവുമായി കടുത്ത വെടിവെപ്പ് നടന്നു. ഇതിനിടയിലാണ് കേണലിന് പരിക്കേറ്റത്. എങ്കിലും അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണെന്ന് ട്രംപ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ നിരവധി ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും എന്നാല്‍ ഒരു അമേരിക്കന്‍ സൈനികന് പോലും ജീവന്‍ നഷ്ടമായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ പൈലറ്റിനെ അപകടം നടന്നയുടന്‍ തന്നെ അമേരിക്ക രഹസ്യമായി രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ദൗത്യത്തെ ബാധിക്കുമെന്നതിനാല്‍ ഈ വിവരം പുറത്തുവിട്ടിരുന്നില്ല.
അമേരിക്കയുടെ അഭിമാനമായ എഫ്-15ഇ വിമാനം വെടിവെച്ചിട്ടത് ഇറാന്‍ വലിയ വിജയമായാണ് കണ്ടിരുന്നത്. ‘എവിടെയെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? പ്ലീസ് എന്ന് ചോദിക്കുന്ന തലത്തിലേക്ക് അമേരിക്ക തരംതാഴ്ന്നു’ എന്നായിരുന്നു ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫ് പരിഹസിച്ചത്. എന്നാല്‍ ഈ പരിഹാസങ്ങള്‍ക്കൊക്കെ പകരമായിട്ടാണ് അതീവ സങ്കീര്‍ണ്ണമായ ദൗത്യത്തിലൂടെ ട്രംപ് തന്റെ പോരാളികളെ തിരിച്ചുപിടിച്ചത്. പൈലറ്റുമാരെ മോചിപ്പിച്ചതിന് പിന്നാലെ ഇറാന്‍ സൈനിക കമാന്‍ഡര്‍മാരെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതായും അമേരിക്ക അവകാശപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.