താക്കീതുമായി യുഎസ് പ്രസിഡന്റ് ;” ഇനി സഹായിക്കാനില്ല ; ഇന്ധനത്തിനായി സ്വന്തം വഴി നോക്കാൻ രാജ്യങ്ങളോട് ട്രംപ്’

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകവെ, സഹായം അഭ്യർത്ഥിക്കുന്ന രാജ്യങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ എണ്ണ-പാചകവാതക ആവശ്യകതയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനം കിട്ടാതെ വലയുന്ന രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് എണ്ണ ലഭ്യത ഉറപ്പുവരുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം.
ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണങ്ങളും തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളുമാണ് ഈ സുപ്രധാന ജലപാത തടസ്സപ്പെടാൻ കാരണമായത്. കടലിടുക്ക് വീണ്ടും തുറക്കാൻ അന്താരാഷ്ട്ര തലത്തിൽ സഹകരണം തേടിയിട്ടും വിസമ്മതിച്ച രാജ്യങ്ങളെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇറാനെതിരെയുള്ള നീക്കത്തിൽ ഒപ്പം നിൽക്കാത്ത ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കാത്തതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് അദ്ദേഹം.
“ഇറാനെ തകർക്കാനുള്ള ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇപ്പോൾ ഇന്ധനം ലഭിക്കുന്നില്ല. എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ: ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളമുണ്ട്. അല്ലെങ്കിൽ വൈകിയാണെങ്കിലും അല്പം ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി അത് പിടിച്ചെടുക്കുക,” ട്രംപ് കുറിച്ചു. തങ്ങൾക്കുവേണ്ടി പോരാടാൻ രാജ്യങ്ങൾ സ്വയം പഠിക്കണമെന്നും ഇനി സഹായിക്കാൻ യുഎസ് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇറാൻ ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. പ്രയാസമേറിയ ഭാഗം യുഎസ് പൂർത്തിയാക്കി. ഇനി നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ സ്വന്തമാക്കുക,” ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിയൻ മിസൈലുകളുടെ ഭീഷണി നിലനിൽക്കുന്ന ഹോർമുസിലേക്ക് കപ്പലുകൾ അയക്കാൻ രാജ്യങ്ങൾ ഭയപ്പെടുമ്പോഴാണ് ട്രംപിന്റെ ഈ വെല്ലുവിളി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.