കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിനിമാ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിധ്യവുമായ റിൻസി മുംതാസ് വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എം.ജെ. റെസിഡൻസിയിൽ വെച്ചാണ് റിൻസിയെയും മൂന്ന് യുവാക്കളെയും പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിക്കൊപ്പം പിടിയിലായ മറ്റുള്ളവർ. ലഹരി ഉപയോഗിക്കാനും മറിച്ചുവിൽക്കാനുമായി ഇവർ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
റിൻസി മുംതാസ് ലഹരിമരുന്ന് കേസിൽ കുടുങ്ങുന്നത് ഇത് ആദ്യമായല്ല. 2025 ജൂലൈയിലും ഇവർ എംഡിഎംഎയുമായി പിടിയിലായിരുന്നു. സിനിമാ പ്രൊമോഷൻ പരിപാടികളുടെ മറവിൽ യുവതാരങ്ങൾക്കും ഷൂട്ടിംഗ് സെറ്റുകളിലും ലഹരി എത്തിച്ചുനൽകുന്ന ‘ഡ്രഗ് ലേഡി’ എന്നാണ് പോലീസ് റിൻസിയെ വിശേഷിപ്പിച്ചത്.മലയാള സിനിമയിലെ പല പ്രമുഖ യുവതാരങ്ങൾക്കിടയിലും റിൻസിക്ക് അടുത്ത ബന്ധമുണ്ടെന്നും കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഇവർ ലൊക്കേഷനുകളിൽ എത്തിച്ചിരുന്നതായും മുൻപ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിൻസി യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ്. തന്റെ സ്വാധീനം ഉപയോഗിച്ച് ലഹരി ഇടപാടുകൾക്ക് മറയാക്കുകയായിരുന്നു ഇവർ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി മാഫിയയുടെ കണ്ണിയാണ് റിൻസി എന്ന് പോലീസ്.


കൂടരഞ്ഞി ഇരട്ടക്കൊല ; 40 കൊല്ലങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
കേരളാ പോലീസിന്റെ മാസ്റ്റര്‍ ക്ലാസ്; വഴിതെറ്റാതെ സിബിഐ; 20 വര്‍ഷം ഒളിവിലിരുന്ന കൊടുംകുറ്റവാളി നാഗ്പൂരില്‍ കുടുങ്ങി; ശ്യാമള്‍ മണ്ഡല് വധക്കേസില്‍ നിര്‍ണ്ണായകമായത് മനോജ് എബ്രഹാമിന്റെ ടീമിന് അന്വേഷണ മികവ്




