തിരുവനന്തപുരം: നീണ്ട കാത്തിരിപ്പുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ സഞ്ജു സാംസണ് എന്ന പ്രതിഭയുടെ അന്താരാഷ്ട്ര കരിയറിന് തിരശീല വീഴുന്നു എന്ന സൂചനകള്‍ ശക്തമാകുന്നു. ട്വന്റി20 ലോകകപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടന്ന നിര്‍ണ്ണായക മത്സരത്തിലും ബാറ്റിങ് മറന്നതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തുലാസിലായി. അഞ്ച് പന്തില്‍ വെറും ആറ് റണ്ണുമായി മടങ്ങിയ താരത്തിന്, ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം.
ലോകകപ്പ് ടീമില്‍ ഇടംനേടിയെങ്കിലും തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ട ഒരാള്‍ക്ക് ടീം മാനേജ്മെന്റ് എത്രത്തോളം ഇനിയും അവസരം നല്‍കുമെന്നത് ചോദ്യചിഹ്നമാണ്. ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തുന്നതോടെ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി. രണ്ടാം വിക്കറ്റ് കീപ്പറായെത്തിയ ഇഷാന് കിഷന് തകര്‍പ്പന്‍ സെഞ്ചുറിയോടെ തന്റെ കരുത്ത് തെളിയിച്ചതോടെ, ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഇഷാനിലേക്ക് മാറിക്കഴിഞ്ഞു. തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജു പൂര്‍ണ്ണമായും പുറത്താകും.
പരിശീലകന് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്കിയ സമാനതകളില്ലാത്ത പിന്തുണ വിനിയോഗിക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടു. സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ താരത്തിനും ലഭിക്കാത്തത്ര അവസരങ്ങളാണ് സഞ്ജുവിന് ലഭിച്ചത്. ഇന്ത്യക്കായി 57 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1078 റണ്‍സ് നേടിയെങ്കിലും സ്ഥിരതയില്ലായ്മ വില്ലനായി. 2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 11 ഇന്നിങ്സുകളില്‍ നിന്ന് വെറും 134 റണ്‍സ് മാത്രമാണ് സമ്പാദ്യം.
പേസര്‍മാര്‍ക്ക് മുന്നില്‍ പതറുന്ന സഞ്ജുവിന്റെ ശൈലി ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ടീം മാനേജ്മെന്റ് കരുതുന്നു. തിരുവനന്തപുരത്തെ കാണികള്‍ക്ക് മുന്നില്‍ തലതാഴ്ത്തി മടങ്ങിയ സഞ്ജുവിന്, ഇത് നീലക്കുപ്പായത്തിലെ അവസാന ഇന്നിങ്സായി മാറാനാണ് സാധ്യതയേറുന്നത്. അടുത്ത ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് സഞ്ജു കളിക്കുക. അവിടേയും മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ സഞ്ജു ക്രിക്കറ്റില്‍ അപ്രസക്തനാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചേട്ടൻ ഇൻ ചെന്നൈ’; സിഎസ്കെ ക്യാമ്പിലെത്തി സഞ്ജു സാംസൺ; ധോണിക്കൊപ്പം പരിശീലനം





