ലെഗ് സ്‌റ്റെമ്പിനെ ലക്ഷ്യമിട്ട് ലൈനും ലെംഗ്തും തെറ്റാത്ത ജാന്‍സണിന്റെ മാരകായുധം! കൂളായി മിഡ് ഓണിന് മുകളിലൂടെ പുഷ്പം പോലെ പറത്തിയ കൂള്‍; ആ സിക്‌സര്‍ ചെന്നു കൊണ്ടത് ഗംഭീറിന്റെ മുഖത്തും; തട്ടിയും മുട്ടിയും കളിക്കാതെ ക്രീസില്‍ കാട്ടിയത് ധീരത; സഞ്ജു സാംസണ്‍ ഓണ്‍ ട്രാക്ക്; വീണ്ടും ലോകകപ്പ് ടീമില്‍ തിരുവനന്തപുരം ഇഫക്ട്

മാര്‍ക്കോ ജാന്‍സണ്‍… കൃത്യതയില്‍ പന്തെറിയുന്ന ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ ദിവസം സഞ്ജുവിന് ജാന്‍സണ്‍ എറിഞ്ഞ ആദ്യ പന്ത്. ബൗളറുടെ കണ്ണിലൂടെ നോക്കിയാല്‍ പെര്‍ഫക്ട്. ലെഗില്‍ ഗ്ലാന്‍സ് ചെയ്ത് വേണമെങ്കില്‍ റണ്ണടിക്കാം. എന്നാല്‍ മിഡ് ഓണിന് മുകളിലൂടെ പറത്തുക അസാധ്യം. അത് സാധ്യമാക്കിയ താരമാണ് സഞ്ജു വി സാംസണ്‍. തട്ടിയും മുട്ടിയും നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടി ടീമില്‍ ഇടം നേടാനായിരുന്നില്ല സഞ്ജു ശ്രമിച്ചത്. പകരം തന്നെ കരയ്ക്ക് ഇരുത്തിയവരുടെ നെഞ്ച് പിളര്‍ന്നു. അങ്ങനെ ജാന്‍സണിന്റെ പന്ത് ബൗണ്ടറിയില്‍ എത്തി. പെട്ടെന്ന് ടിവി ക്യാമറ പോയത് കോച്ച് ഗൗതം ഗംഭീറിന്റെ മുഖത്തേക്കായിരുന്നു. നിരാശയായിരുന്നു ആ ഒന്നാന്തരം ഷോട്ട് കണ്ടിട്ടും കോച്ചിന്റെ മുഖഭാവം. സഞ്ജുവിന്റെ ആ സിക്‌സര്‍ ചെന്നു പതിച്ചത് ഗംഭീറിന്റെ മുഖത്തായിരുന്നു.

ആ സിക്‌സറും ആ ചെറു ഇന്നിംഗ്‌സും സഞ്ജുവിന് നല്‍കിയത് സൂപ്പര്‍ സാധ്യതയാണ്. ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ വീണ്ടും സഞ്ജു എത്തുന്നു. ഈ ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു കളിക്കുമെന്ന് ഉറപ്പിക്കാം. കാരണം ടിമിലെ ഒന്നാം വിക്കറ്റ് കീപ്പറാണ് സഞ്ജു. അങ്ങനെ കരുതുമ്പോഴും അട്ടിമറി സാധ്യതയും ശക്തം. കാരണം ഇശാന്ത് കിഷനെ ടീമില്‍ എടുത്തിരിക്കുന്നു. സഞ്ജുവിനെ തഴഞ്ഞ് ഇശാന്ത് കിഷനെ കളിപ്പിക്കാന്‍ കോച്ച് തയ്യറായാല്‍ അത്ഭുതപ്പെടാനില്ല. ഏതായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കിട്ടിയ ഏക അവസരം സഞ്ജു മുതലാക്കി. അതുകൊണ്ട് മാത്രമാണ് ലോകകപ്പ് ടീമില്‍ സഞ്ചു എത്തിയത്.

ഈ പ്രകടനത്തിന് പിന്നാലെയാണ് 2026-ലെ ടി20 ലോകകപ്പിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി. ടീമില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. സഞ്ജു സാംസണ്‍ ടീമിലെടുക്കുകയും ചെയ്തു. സൂര്യകുമാര്‍ യാദവ് ക്യാപ്ടനായ ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയെയും ഒഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി. റിങ്കു സിംഗിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയും ഉള്‍പ്പെടുത്തുകയും ചെയ്തു. സ്റ്റാന്‍ഡ്‌ബൈ അംഗങ്ങള്‍ ആരും ഇല്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗമാണ് നിര്‍ണ്ണായക തീരുമാനം എടുത്തത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ലഭിച്ച അവസരം മുതലാക്കിയതാണ് സഞ്ജുവിന് തുണയായത്. സഞ്ജുവിന്റെ പ്രകടനം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗില്ലിന് പരകരക്കാരനായി ഓപ്പണറായി എത്തിയ സഞ്ജു 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. ലോകകപ്പ് ടീമില്‍ ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജുവിനെ തന്നെയാകും ഓപ്പണര്‍. തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ബെഞ്ചിലിരുന്ന ശേഷം പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20യില്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

സ്‌കോര്‍: 22 പന്തില്‍ 37 റണ്‍സ് (4 ഫോറും 2 സിക്സറും).
സ്ട്രൈക്ക് റേറ്റ്: 168.18.
നാഴികക്കല്ലുകള്‍: അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സും, ടി20 കരിയറില്‍ ആകെ 8000 റണ്‍സും സഞ്ജു ഈ മത്സരത്തിനിടെ പിന്നിട്ടു.
ഗില്ലുമായുള്ള താരതമ്യം: മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് ഒരു സിക്സര്‍ പോലും നേടാനാവാത്ത ശുഭ്മന്‍ ഗില്ലിനെക്കാള്‍ (32 റണ്‍സ്) മികച്ച ഇംപാക്ട് സഞ്ജു ഉണ്ടാക്കി. നേരിട്ട നാലാം പന്തില്‍ തന്നെ സഞ്ജു സിക്സര്‍ പറത്തിയിരുന്നു.
സഞ്ജു ഓപ്പണറായി: സ്ഥിരതയാര്‍ന്ന പ്രകടനം തുടര്‍ന്നാല്‍ 2026 ലോകകപ്പില്‍ സഞ്ജു ഇന്ത്യയുടെ പ്രധാന ഓപ്പണറായേക്കും.
ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍
രവി ശാസ്ത്രിയുടെ അഭിപ്രായം: പരിക്കു പറ്റുമ്പോള്‍ മാത്രം സഞ്ജുവിന് അവസരം ലഭിക്കുന്നതിലെ വിരോധാഭാസത്തെ ശാസ്ത്രി വിമര്‍ശിച്ചു. സഞ്ജുവിനെപ്പോലെയുള്ള സ്വാഭാവിക ബാറ്റിംഗ് ശൈലിയുള്ളവര്‍ പ്ലെയിങ് ഇലവനില്‍ അനിവാര്യമാണെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലെ പ്രകടനം കൊണ്ടും സഞ്ജു സാംസണ്‍ അഹമ്മദാബാദ് മത്സരത്തില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ പതിനാറാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ മാര്‍ക്കോ ജാന്‍സന്‍ ആഞ്ഞടിച്ചപ്പോള്‍, ബൗളറെ പ്രോത്സാഹിപ്പിക്കാന്‍ സഞ്ജു മുന്നോട്ടുവന്നു. വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു തമിഴില്‍ വിളിച്ചുപറഞ്ഞ വാക്കുകള്‍ സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും അത് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു. തമിഴിലുള്ള സഞ്ജുവിന്റെ ഈ സംസാരത്തെ വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ ടീമിലേക്ക് ചേക്കേറുന്നതിനുള്ള തയ്യാറെടുപ്പാണെന്ന് ആരാധകര്‍ തമാശരൂപേണ പരിഹസിക്കുന്നുണ്ട്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ജാന്‍സന്‍ പുറത്തായതിന് പിന്നില്‍ സഞ്ജുവിന്റെ കൃത്യമായ ഇടപെടലുകളുണ്ടായിരുന്നു.

ജസ്പ്രീത് ബുംറ എറിഞ്ഞ പന്തില്‍ യാന്‍സന്റെ ക്യാച്ച് സഞ്ജു കൈപ്പിടിയിലൊതുക്കിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയില്ല എന്നായിരുന്നു അംപയറുടെ തീരുമാനം. അംപയറുടെ തീരുമാനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും തുടക്കത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ രണ്ട് റിവ്യൂകള്‍ കയ്യിലുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ച് സൂര്യകുമാറിനെ റിവ്യൂ എടുക്കാന്‍ സഞ്ജു നിര്‍ബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ഉറപ്പില്‍ ഇന്ത്യ അവസാന സെക്കന്‍ഡില്‍ റിവ്യൂ നല്‍കുകയും അത് വിജയകരമായി മാറുകയും ചെയ്തു. അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ പന്ത് തട്ടിയതായി തെളിഞ്ഞതോടെ ഇന്ത്യക്ക് ജാന്‍സന്റെ നിര്‍ണായക വിക്കറ്റ് ലഭിച്ചു. പുറത്താകുമ്പോള്‍ അഞ്ച് പന്തില്‍ നിന്ന് 14 റണ്‍സുമായി അപകടകാരിയായി മാറുകയായിരുന്നു മാര്‍ക്കോ ജാന്‍സന്‍. അങ്ങനെ കിട്ടിയ അവസരം ഗംഭീരമാക്കി തിരുവനന്തപുരത്തുകാരന്‍ ടീമിലേക്ക് എത്തുകയാണ്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം
സൂര്യകുമാര്‍ യാദവ് (നായകന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (ഉപനായകന്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിംഗ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.