ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരരെ ഐസിയുവിലേക്ക് മാറ്റി; ബിപി വ്യതിയാനം ആശങ്ക; ജയിലില്‍ പൊട്ടിക്കരഞ്ഞ് തന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ അദ്ദേഹത്തെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ കഴിഞ്ഞ ആദ്യ രാത്രി തന്ത്രിക്ക് കടുത്ത മാനസിക സംഘര്‍ഷത്തിന്റേതായിരുന്നു എന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന അദ്ദേഹം, രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയപ്പോള്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. താന്‍ നിരപരാധിയാണെന്നും ആരോ തന്നെ ചതിച്ചതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

ഭക്ഷണത്തിന് മട്ടണ്‍ കറി നല്‍കിയെങ്കിലും തനിക്ക് സസ്യാഹാരം മതിയെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്തതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്.

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ ഗൂഢാലോചന നടത്തിയെന്നും ആചാരലംഘനത്തിന് കൂട്ടുനിന്നെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രി, സ്വര്‍ണ്ണ പാളികള്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ അത് തടഞ്ഞില്ലെന്നും മൗനാനുവാദം നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പുറമെ ദ്വാരപാലക ശില്പ കേസിലും തന്ത്രിയെ പ്രതിയാക്കാന്‍ എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേര്‍ അറസ്റ്റിലായിട്ടുണ്ട്. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.