തിരുവനന്തപുരം: രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ കേരളം തയ്യാറാക്കി അവതരിപ്പിച്ച നിശ്ചലദൃശ്യത്തിലെ ‘തെങ്ങ്’നെ ക്കുറിച്ച് വ്യാപകമായ ആക്ഷേപം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളോട് മത്സരിക്കാൻ കേരളം ഒരുക്കിയിറക്കിയ ‘തെങ്ങ്’ യഥാർത്ഥത്തിൽ എന്താണെന്നാണ് ചോദ്യം.
കേരളത്തിന്റെ സ്വന്തം വൃക്ഷമാണ് തെങ്ങ് എന്ന കേരം. കേരം തിങ്ങും നാടാണ് കേരളം. എന്നിട്ടും കേരളത്തിന്റെ നിശ്ചലദൃശ്യത്തിൽ രൂപകല്പന ചെയ്ത്വച്ചിരുന്ന വൃക്ഷം തെങ്ങ് ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു. ഇതിന് തെങ്ങിനെക്കാൾ കൂടുതൽ സാദൃശ്യം കമുക്, പന, ഒലട്ടി എന്നീ വൃക്ഷങ്ങളോടായിരുന്നു.
തെങ്ങ് എന്ന പേരിൽ തയ്യാറാക്കിയ മരത്തിൽ തേങ്ങ കായ്ച്ചു നിൽക്കുന്നതായി കാണിച്ചിരുന്നു. എന്നാൽ അതും തേങ്ങയുമായി സാമ്യമില്ലാത്ത കായ് ആയിപ്പോയെന്ന് മാത്രം.
കഴിഞ്ഞ 26ന് ഡൽഹിയിൽ അവതരിപ്പിച്ച ഈ നിശ്ചല ദൃശ്യം ആയിരങ്ങളാണ് നേരിട്ട് വീക്ഷിച്ചത്. ടെലിവിഷൻ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും കണ്ടവരുടെ എണ്ണം കോടിക്കണക്കിന് വരും. അവരുടെയെല്ലാം മുന്നിൽ കേരളത്തെ ഈ നിശ്ചല ദൃശ്യത്തിലൂടെ അപമാനിച്ചതാണ് വിമർശനം. സോഷ്യൽ മീഡിയയിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിലെ ‘തെങ്ങ്’ നെതിരെ വ്യാപകമായ ട്രോളുകളാണ് പ്രചരിക്കുന്നത്.
ഡൽഹിയിലെ റിപ്പബ്ലിക് ദിന പരിപാടിയിൽ സംസ്ഥാന സർക്കാരുകൾ ദൃശ്യങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത് 1996 ലാണ്. അതിനുശേഷം ഇത് പതിനാലാമത് തവണയാണ് കേരളത്തിന് ഈ അവസരം ലഭിക്കുന്നത്.
സംസ്ഥാനങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിശ്ചല ദൃശ്യത്തിന്റെ രൂപമാതൃക നേരത്തെ സമർപ്പിക്കണം. കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുള്ള കമ്മിറ്റി ഇത് പരിശോധിച്ച് അനുവാദം നൽകുമ്പോഴാണ് ഒരു സംസ്ഥാനത്തിന് നിശ്ചലദൃശ്യം അവതരിപ്പിക്കാൻ കഴിയുക.
ഇപ്രാവശ്യം 17 സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങളുടെ 13 ഫ്ലോട്ടുകളും ഉൾപ്പെടെ 30 എണ്ണമാണ് റിപ്പബ്ലിക്ദിന പരേഡിൽ അണിനിരന്നത്. ഡിജിറ്റൽ സാക്ഷരതയിലൂടെ നേടുന്ന ജീവിതസമൃദ്ധിഎന്നതായിരുന്നു കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്റെ പ്രതിപാദ്യ വിഷയം. ഡിജിറ്റൽ സാക്ഷരതയിലെ 100ശതമാനം നേട്ടവും കൊച്ചി വാട്ടർ മെട്രോയും ആയിരുന്നു ദൃശ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
സാക്ഷരതയുടെ ബ്രാൻഡ് അംബാസഡർ ആയ സരസു അമ്മയായിരുന്നു കേന്ദ്ര കഥാപാത്രം. കേരളത്തിന്റെ സവിശേഷമായ കാർഷിക ഉത്പന്നങ്ങളും കുരുമുളക്, ഏലം, ഗ്രാമ്പു, ജാതി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഗ്രാമീണ സൗന്ദര്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ഈ നിശ്ചലദൃശ്യത്തിൽ ഉണ്ടായിരുന്ന ‘തെങ്ങാ’ണ് ഏത് വൃക്ഷം എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിപ്പോയത്.


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഐപിഎസ് ‘ക്വട്ടേഷന്‍’, ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടും-ആഞ്ഞടിച്ച് വി.ഡി. സതീശന്; അന്താരാഷ്ട്ര മാഫിയയ്ക്ക് 500 കോടിയുടെ കച്ചവടം, വന്‍സ്രാവുകളെ സംരക്ഷിച്ച് ഗോവിന്ദനും സിപിഎമ്മും- ചെന്നിത്തലയും വെളിപ്പെടുത്തലമായി; ശബരിമലയില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍





