കേരളം ഇതുവരെ കേള്‍ക്കാത്ത സിനിമാ തട്ടിപ്പ്; ആഷിഖ് അബു ഈ മഹാപാതകം തിരുത്തണം; കാന്‍സര്‍-വൃക്ക രോഗികളായ വ്യാപാരികളെ പറ്റിച്ച് മുങ്ങിയ ‘അജഃസുന്ദരി’ സംഘത്തിന്റെ നടപടി ചലച്ചിത്ര ലോകത്തിന് തന്നെ നാണക്കേട്

വിലങ്ങാട് (കോഴിക്കോട്): വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടയില്‍ പാവപ്പെട്ടവന്റെ കണ്ണീരൊഴുക്കുന്ന ക്രൂരമായ ചതിയുടെ കഥയാണ് കോഴിക്കോട്ടെ മലയോര ഗ്രാമമായ വിലങ്ങാട്ടുനിന്ന് പുറത്തുവരുന്നത്. പ്രമുഖ ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ആഷിഖ് അബു നിര്‍മിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജഃ സുന്ദരി’ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രാദേശിക വ്യാപാരികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ സംഭവം കേരളം ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള സിനിമാ തട്ടിപ്പായി മാറിയിരിക്കുന്നു. വഞ്ചിക്കപ്പെട്ടവരില്‍ കാന്‍സര്‍ രോഗികളും വൃക്ക മാറ്റിവെച്ചവരുമായ പാവപ്പെട്ട മനുഷ്യരുണ്ടെന്നത് ഈ ചതിയുടെ ആഴം കൂട്ടുന്നു. സാംസ്‌കാരിക കേരളത്തിന് ഒട്ടും യോജിച്ചതല്ലാത്ത ഈ തെറ്റ് അടിയന്തരമായി തിരുത്താന്‍ നിര്‍മാതാവ് ആഷിഖ് അബു തയ്യാറാകണമെന്ന ജനരോഷം ശക്തമാണ്.
ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മൂന്ന് മാസത്തോളമാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലും നടന്നത്. മലയോര മേഖലയിലേക്ക് ആദ്യമായി എത്തിയ സിനിമാസംഘത്തിന് തങ്ങളുടെ പരിമിതികള്‍ മറന്ന് സര്‍വ്വ പിന്തുണയുമാണ് നാട്ടുകാര്‍ നല്‍കിയത്. സെറ്റിലേക്ക് ആവശ്യമായ പച്ചക്കറി, ഇറച്ചി, പാല്‍, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങള്‍ മുഴുവന്‍ നാട്ടിലെ പാവപ്പെട്ട കടകളില്‍ നിന്നാണ് വാങ്ങിയത്. ആദ്യഘട്ടങ്ങളില്‍ കൃത്യമായി പണം നല്‍കി വ്യാപാരികളുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്, ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തി ഷൂട്ടിങ് കഴിഞ്ഞയുടന്‍ സിനിമാസംഘം രാത്രിക്ക് രാത്രി സ്ഥലംവിട്ടത്. പണത്തിനായി പാവപ്പെട്ട വ്യാപാരികള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകാത്തത് ഒരു സിനിമാ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല.
സിനിമാക്കാരുടെ ഈ ചതിയില്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയത് ജീവിതത്തോട് പോരാടുന്ന ഏതാനും പാവപ്പെട്ട മനുഷ്യരാണ്. പച്ചക്കറി വ്യാപാരിയായ പി. എസ്. മനോജിന് മാത്രം 54,000 രൂപയോളമാണ് സിനിമാസംഘം നല്‍കാനുള്ളത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ കഠിനമായ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന മനോജ്, തന്റെയും കുടുംബത്തിന്റെയും ജീവന്‍ നിലനിര്‍ത്താനാണ് ഈ കച്ചവടം നടത്തുന്നത്. കഴിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനോജിന്റെ കട പൂര്‍ണ്ണമായും തകര്‍ന്നുപോയിരുന്നു. പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും കുടുംബശ്രീയില്‍ നിന്ന് ലോണെടുത്തുമെല്ലാമാണ് ഈ പാവം മനുഷ്യന്‍ കട വീണ്ടും തുറന്നത്. ആ തുകയാണ് സിനിമാക്കാര്‍ അടിച്ചുകൊണ്ടുപോയത്. സെറ്റിലെ മെസ്സ് കരാര്‍ ഏറ്റെടുത്ത ആയഞ്ചേരി സ്വദേശി സാജിദിന്റെ വീട്ടില്‍ പണത്തിനായി ചെന്നെങ്കിലും ഇയാള്‍ ഒളിവിലാണ്.
മറ്റൊരു ക്രൂരത ഇരയായത് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ബന്ധുക്കളുടെ സഹായത്തോടെ വിലങ്ങാട് അങ്ങാടിയില്‍ ഇറച്ചിക്കട നടത്തുന്ന ബെന്നി ജോസഫാണ്. ഇദ്ദേഹത്തിന് ഒരു ലക്ഷത്തോളം രൂപയാണ് സിനിമാസംഘം കൊടുക്കാനുള്ളത്. നാടന്‍ കോഴി, ബീഫ്, മുട്ട എന്നിവയെല്ലാം കടം വാങ്ങി സെറ്റിലേക്ക് നല്‍കി. ഷൂട്ടിങ് തീരുന്ന ദിവസം 1.30 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരുന്നതില്‍ വെറും 30,000 രൂപ മാത്രം ഗൂഗിള്‍ പേ വഴി നല്‍കി, ബാക്കി തുക രണ്ട് ദിവസത്തിനകം തരാമെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇവര്‍ മുങ്ങിയത്. മൂന്ന് മാസം കഴിഞ്ഞിട്ടും ഈ പണം ലഭിച്ചിട്ടില്ല. ഇതു കൂടാതെ മില്‍മ ബൂത്ത് നടത്തുന്ന അപ്പച്ചന് പാലും ഗ്യാസ് സിലിണ്ടറുകളും നല്‍കിയ വകയില്‍ 46,000 രൂപയും, തോമസ് എന്ന മലഞ്ചരക്ക് വ്യാപാരിക്ക് തേങ്ങ നല്‍കിയ ഇനത്തില്‍ 18,000 രൂപയും സിനിമാസംഘം നല്‍കാനുണ്ട്.
സിനിമയിലെ വലിയ മനുഷ്യര്‍ പാവപ്പെട്ട മലയോര കര്‍ഷകരെയും കച്ചവടക്കാരെയും പറ്റിച്ച് കടന്നുകളഞ്ഞ വാര്‍ത്ത പരന്നതോടെ, കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ആഷിഖ് അബു വ്യാപാരികളുമായി ബന്ധപ്പെട്ടതായാണ് വിവരം. മെസ്സ് കരാര്‍ കൊടുത്ത ആളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണമെങ്കിലും, സ്വന്തം ബാനറില്‍ നടക്കുന്ന നിര്‍മാണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിര്‍മാതാവിനു തന്നെയാണ്. രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ ബാധ്യതകളും തീര്‍ക്കാമെന്ന് അദ്ദേഹം ഇപ്പോള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
എന്നാല്‍, ആതുരസേവനത്തിനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും എന്നും മുന്‍പില്‍ നില്‍ക്കുന്ന മലയോര ജനതയെ ഇത്തരത്തില്‍ വഞ്ചിച്ച സിനിമാസംഘത്തിന്റെ നടപടി തികച്ചും അപലപനീയമാണ്. ആഷിഖ് അബു നല്‍കിയ ഈ വാക്കിലെങ്കിലും ആത്മാര്‍ത്ഥതയുണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. ഈ ഉറപ്പ് പാലിക്കാത്ത പക്ഷം സിനിമാസംഘത്തിനെതിരെയൂം നിര്‍മ്മാണ കമ്പനിക്കെതിരെയും വഞ്ചനാക്കുറ്റത്തിന് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.