കൊച്ചി: ‘മിന്നൽ മുരളി’, ‘ആർഡിഎക്സ്’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘കോസ്മിക് സാംസൺ’ ഷൂട്ടിംഗ് പൂർത്തിയായി. യുവതാരം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം ‘ജോൺ ലൂതർ’ലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് സംവിധാനം ചെയ്യുന്നത്. സോഫിയ പോളിനൊപ്പം മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
2026 പകുതിയോടെ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ‘മിന്നൽ മുരളി’ക്ക് ശേഷം പ്രശസ്ത ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ തിരിച്ചെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹം ഒരുക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.സന്ദീപ് പ്രദീപിന് പുറമെ മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.അഭിജിത് ജോസഫിനൊപ്പം അഭികേർഷ് വസന്ത് ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിബി മാത്യു അലക്സാണ് സംഗീതം. ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ), വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ) എന്നിങ്ങനെ പ്രമുഖ സാങ്കേതിക പ്രവർത്തകർ ചിത്രത്തിന് പിന്നിലുണ്ട്.
‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ഈ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താം നിർമ്മാണ സംരംഭമായ ‘കോസ്മിക് സാംസൺ’ മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.


കൊച്ചിയിലെ ലഹരി മാഫിയയും സിനിമയിലെ ഉന്നതരും; പിടിയിലായ കെവിനുമായി യുവനടന് അടുത്ത ബന്ധം; തിരുവനന്തപുരത്തെ നടന് കുടുങ്ങുമോ?
‘എന്നും എല്ലാവര്ക്കും നന്മകള് മാത്രം ഉണ്ടാകട്ടെ’ എന്ന് കുറിച്ച ഒരു കടലാസും പേനയും ഭൗതിക ശരീരത്തില്‍ വച്ചു; ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ആ പേനയും പേപ്പറും നെഞ്ചോട് ചേര്‍ത്ത് ശ്രീനിവാസന് മടങ്ങുമ്പോള്‍





