തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിലെ പുതിയ രീതിയെയും ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളെയും മുൻനിർത്തി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്ന സർക്കാർ നടപടിയെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിശേഷിപ്പിച്ച ചെന്നിത്തല, അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടി ജയിച്ചോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ പുതിയ പുസ്തകം നൽകിയിട്ട് എന്ത് കാര്യമാണെന്ന് ചെന്നിത്തല ചോദിച്ചു. “പരീക്ഷാ പേപ്പർ നോക്കാതെ കുട്ടി വിജയിച്ചോ എന്ന് എങ്ങനെ അറിയും? മന്ത്രി വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നത്? പുസ്തകം നേരത്തെ കൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല, എഴുത്തോലയിൽ എഴുതി പഠിച്ച കാലം നമുക്കുണ്ടായിരുന്നു,” എന്ന് അദ്ദേഹം പരിഹസിച്ചു.
ആഗോള അയ്യപ്പസംഗമത്തിന്റെ പേരിൽ വൻ അഴിമതിയാണ് നടന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാർ ചിലവിൽ സംഗമം നടത്തില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ ശേഷം സഭയിൽ അതിനു വിരുദ്ധമായ മറുപടി നൽകിയത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അയ്യപ്പസംഗമത്തിനായി ചെലവാക്കിയ തുക ദേവസ്വം ബോർഡിന് കൈമാറിയെന്ന മന്ത്രിയുടെ വാദം വ്യാജമാണ്. മുഴുവൻ തുകയും നൽകിയിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു.ഗസ്റ്റ് ഹൗസിലെ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും വിഐപി ഭക്ഷണത്തിന് 30,000 രൂപയും ചെലവാക്കി. നടക്കാത്ത ഭജനയുടെ പേരിൽ ‘നന്ദഗോവിന്ദം ഭജൻസിന്’ എട്ട് ലക്ഷം രൂപ നൽകിയതായി ബില്ലിലുണ്ട്.
മന്ത്രിയും ദേവസ്വം ബോർഡും തമ്മിൽ കണക്കുകളുടെ കാര്യത്തിൽ ഭിന്നതയുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സാധാരണ പൗരന് അറിയേണ്ട എല്ലാ കാര്യങ്ങളും സർക്കാർ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല; മുന്‍പ് ഭരിച്ച വകുപ്പുകളെല്ലാം വേണം; യുഡിഎഫില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലീം ലീഗ്; വിദ്യാഭ്യാസം മുഖ്യം; ആരോഗ്യം വേണ്ട





