യുകെ വിസയുടെ പേരിൽ ‘നിർമ്മാണ’ തട്ടിപ്പ്; നിർമ്മാതാവ് ജോബി ജോർജിന് 4 വർഷം തടവ്; ലക്ഷങ്ങൾ പിഴ

കൊച്ചി : യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ഗുഡ്വില്‍ ഫിലിംസ് ഉടമയുമായ ജോബി ജോര്‍ജിന് നാലു വര്‍ഷം തടവ്. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് രണ്ട് കേസുകളിലായി ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 66.5 ലക്ഷം രൂപ പിഴയായും ജോബി ജോര്‍ജ് അടയ്ക്കണം.
മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഡാര്‍ലി ബിജു എന്നിവരുടെ പരാതിയിലാണ് കോടതി നടപടി. 2011-ല്‍ രാജേഷ് മാത്യുവില്‍ നിന്ന് വിസ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കിയ 25 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതോടെയാണ് രാജേഷ് പരാതി നല്‍കിയത്. തുടക്കം മുതല്‍ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പ്രവര്‍ത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസില്‍ രണ്ടു വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
യുകെയില്‍ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് മുളന്തുരുത്തി സ്വദേശികളായ ദമ്പതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതാണ് രണ്ടാമത്തെ കേസ്. ലണ്ടനിലെ ഷോപ്പില്‍ പങ്കാളിത്തവും കോളജ് അഡ്മിഷനും നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ ശേഷം ഇവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഈ കേസില്‍ രണ്ട് വര്‍ഷം തടവും 16.52 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ഷൈലോക്ക്, കാവല്‍, വെയില്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്. കേസില്‍ പ്രതിയായിരുന്ന ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. നിലവില്‍ ശിക്ഷാ വിധി നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.