ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ അതിശക്തമായ പോരാട്ടത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹർ’ എന്ന പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഭീകരതയോടും ഭീകരവാദികളോടും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ഈ പുതിയ നയരേഖ മുന്നോട്ടുവെക്കുന്നത്. ഭീകരർക്ക് പണം, ആയുധം, താവളങ്ങൾ എന്നിവ ലഭിക്കുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ‘പ്രഹറി’ന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ഭീകരർക്കുള്ള ധനസഹായ ശൃംഖലകൾ തകർക്കുന്നതിലാണ് ഈ നയം ഊന്നൽ നൽകുന്നത്. രഹസ്യവിവരങ്ങൾ ഏകോപിപ്പിച്ച് വിവിധ സുരക്ഷാ ഏജൻസികൾക്ക് അതിവേഗം കൈമാറാനും ഭീഷണികൾ മുളയിലേ നുള്ളാനും പുതിയ സംവിധാനമൊരുക്കും. അയൽരാജ്യങ്ങൾ ഭീകരവാദം ഒരു നയമായി സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പദ്ധതിയുണ്ട്. ഭീകരതയെ ഏതെങ്കിലും മതം, വംശം അല്ലെങ്കിൽ സംസ്കാരം എന്നിവയുമായി ബന്ധിപ്പിക്കില്ലെന്നും ഇന്ത്യ ഒരിക്കലും ഭീകരതയെ വെച്ചുപൊറുപ്പിക്കില്ലെന്നും നയരേഖ വ്യക്തമാക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരവാദികളുടെ നീക്കങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള സംവിധാനമാണ് പ്രഹറിന്റെ മറ്റൊരു പ്രത്യേകത. സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി സംയുക്ത ഓപ്പറേഷനുകളിൽ കൃത്യത ഉറപ്പാക്കും. രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഏത് നീക്കത്തെയും വേരോടെ പിഴുതെറിയുമെന്ന ഉറച്ച പ്രഖ്യാപനമാണ് കേന്ദ്രസർക്കാർ ഇതിലൂടെ നൽകുന്നത്.
ബിആർഎസ് പിളർപ്പിലേക്ക്? ‘തെലങ്കാന രാഷ്ട്ര സേന’യുമായി കവിത; കെസിആറിനും കെടിആറിനും വെല്ലുവിളി


രക്തദാനത്തിന് ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഗേ പുരുഷന്മാർക്കും ഏർപ്പെടുത്തിയ വിലക്ക് നീക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ





